'അന്ന് മീര ജാസ്മിന്റെ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞില്ല, അങ്ങനെയുള്ള പെണ്‍കുട്ടികള്‍ ഉണ്ട്'; കമല്‍

അന്ന് അത്തരത്തില്‍ പെരുമാറുന്ന പെണ്‍കുട്ടികളെ അംഗീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഇന്ന് സമൂഹത്തില്‍ അത്തരം പെണ്‍കുട്ടികളെ കാണാന്‍ കഴിയുമെന്നും കമല്‍ പറഞ്ഞു.

 

'മിന്നാമിന്നിക്കൂട്ടം അന്ന് അധികം ശ്രദ്ധിക്കാതെ പോയ ഒരു സിനിമയായിരുന്നു.

മിന്നാമിന്നിക്കൂട്ടം തന്റെ മറ്റ് സിനിമകളെപ്പോലെ വിജയിച്ചില്ലെന്ന് സംവിധായകന്‍ കമല്‍. മീര ജാസ്മിന്റെ കഥാപാത്രത്തിന്റെ സ്വഭാവമായിരുന്നു പ്രേക്ഷകര്‍ക്ക് അന്ന് പൊരുത്തപ്പെടാന്‍ കഴിയാതിരുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. അന്ന് അത്തരത്തില്‍ പെരുമാറുന്ന പെണ്‍കുട്ടികളെ അംഗീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ഇന്ന് സമൂഹത്തില്‍ അത്തരം പെണ്‍കുട്ടികളെ കാണാന്‍ കഴിയുമെന്നും കമല്‍ പറഞ്ഞു.

'മിന്നാമിന്നിക്കൂട്ടം അന്ന് അധികം ശ്രദ്ധിക്കാതെ പോയ ഒരു സിനിമയായിരുന്നു. ഞാന്‍ ചെയ്ത മറ്റ് സിനിമകളെപ്പോലെ അതൊന്നും ഓടിയിട്ടില്ല. അതിന്റെ കാരണം മീര ജാസ്മിന്റെ കഥാപാത്രത്തെ പെട്ടെന്ന് ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല എന്നതാണ്. വളരെ പെട്ടെന്ന് പ്രതികരിക്കുന്ന, ചെറിയ കാര്യങ്ങള്‍ക്ക് പോലും പിണങ്ങുന്ന ഒരു കഥാപാത്രമായിട്ടാണ് അവള്‍ വന്നത്. അന്ന് അങ്ങനെയായിരുന്നു, പക്ഷേ ഇന്ന് അങ്ങനെയുള്ള ഒരുപാട് പെണ്‍കുട്ടികളെ നമുക്ക് സമൂഹത്തില്‍ കാണാന്‍ സാധിക്കും', കമല്‍ പറഞ്ഞു.

'അവള്‍ സ്‌നേഹിക്കുന്ന പയ്യന്‍ അവളുടെ കൂടെ വര്‍ക്ക് ചെയ്യുന്ന ആളാണ്. അവരുടെ ഫ്രണ്ട്‌സെല്ലാം കൂടി കല്യാണനിശ്ചയത്തിന് വന്നപ്പോള്‍ കൂട്ടുകാരന്റെ അച്ഛന്‍ ചില ഡയലോഗുകള്‍ പറയുന്നുണ്ട്. അത് അവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അപ്പോള്‍ എല്ലാവരുടെയും മുന്നില്‍വെച്ച് അയാളോട് ഇറങ്ങിപ്പോകാന്‍ പറയുകയാണ്. അന്ന് എല്ലാവരുടെയും മുന്നില്‍വെച്ച് അവള്‍ അങ്ങനെ പറയുമോ എന്നായിരിക്കും ആളുകള്‍ ചിന്തിച്ചിട്ടുണ്ടാവുക. അതുകൊണ്ടായിരിക്കാം ആ കഥാപാത്രത്തോട് ആളുകള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയാതെ പോയത്', കമല്‍ കൂട്ടിച്ചേര്‍ത്തു.