പുതിയ സിനിമകൾ കരാർ ചെയ്യുന്നത് അവസാനിപ്പിച്ചെങ്കിലും പാടി പൂർത്തിയാക്കാനുള്ള ഗാനങ്ങളുടെ പട്ടിക ഇനിയും ബാക്കിയുണ്ട് ; അർജിത് സിങ്
സംഗീത ആസ്വാദകരെ ഒന്നടങ്കം ഞെട്ടിച്ച വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ആരാധകർക്ക് ആശ്വാസവാർത്തയുമായി ഗായകൻ അർജിത് സിങ്. പുതിയ സിനിമകൾ കരാർ ചെയ്യുന്നത് അവസാനിപ്പിച്ചെങ്കിലും, താൻ പാടി പൂർത്തിയാക്കാനുള്ള ഗാനങ്ങളുടെ പട്ടിക ഇനിയും ബാക്കിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് താരം മനസ്സ് തുറന്നത്.
“പുതിയ ജോലികൾ ഏറ്റെടുക്കുന്നത് നിർത്തിയെങ്കിലും പാടാനുള്ള പാട്ടുകൾ ഇനിയും കുറവല്ല. ഈ വർഷവും അടുത്ത വർഷവും എന്റെ പുതിയ ഗാനങ്ങൾ നിങ്ങൾക്ക് കേൾക്കാനാകും,” അർജിത് കുറിച്ചു. തന്റെ ശ്രോതാക്കൾ അല്ലാത്തവർ ഈ സന്ദേശം വായിക്കരുതെന്ന മുഖവുരയോടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. ആരാധകർ നൽകുന്ന സ്നേഹത്തിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു.
38-ാം വയസ്സിൽ സിനിമ പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച താരം, ഇനി ഒരു ഇൻഡിപെൻഡന്റ് ആർട്ടിസ്റ്റ് എന്ന നിലയിൽ സംഗീതത്തിൽ തുടരാനാണ് ആഗ്രഹിക്കുന്നത്. സമാധാനത്തോടെ ഇരിക്കാനും, വായനയും ധ്യാനവും ശീലമാക്കാനും ആരാധകരെ ഉപദേശിച്ച താരം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രമിക്കണമെന്നും കൂട്ടിച്ചേർത്തു.