‘അനന്തൻ കാട്’ ചിത്രത്തിലെ അപ്പാനി ശരത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
പ്രേക്ഷകരും നിരൂപകരും ഒരുപോലെ നെഞ്ചിലേറ്റിയ ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്‍ണകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെന്നിന്ത്യൻ ചിത്രം ‘അനന്തൻ കാടി’ലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.
പ്രേക്ഷകരും നിരൂപകരും ഒരുപോലെ നെഞ്ചിലേറ്റിയ ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്‍ണകുമാർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെന്നിന്ത്യൻ ചിത്രം ‘അനന്തൻ കാടി’ലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ‘ജാക്സൺ’ എന്ന ഏറെ പ്രാധാന്യമുള്ള കഥാപാത്രമായി എത്തുന്ന അപ്പാനി ശരത്തിന്റെ ലുക്കാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ജാസ് ഡ്രംസിന് മുന്നിൽ സ്റ്റൈലിഷ് ലുക്കിലിരിക്കുന്ന അപ്പാനി ശരത്തിന്റെ ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു. ആര്യ നായകനായി എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രം ജൂൺ 25-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
തിരുവനന്തപുരത്തിന്റെ ഒരുകാലത്തെ ആവേശം നിറഞ്ഞ ചരിത്രം പശ്ചാത്തലമാക്കുന്ന ഈ ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് സംസാരിക്കുന്ന മാസ് കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വൻ വിജയമായി മാറിയ തമിഴ് ചിത്രം ‘മാർക്ക് ആന്‍റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ദൃശ്യവിരുന്ന് തിയേറ്ററുകളിൽ എത്തിക്കുന്നത്. ആഗോളതലത്തിൽ തരംഗമായ ‘കാന്താര’ സിനിമകളുടെ സംഗീത സംവിധായകൻ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിൽ സംഗീതമൊരുക്കുന്നു എന്ന വലിയ പ്രത്യേകതയും ‘അനന്തൻ കാടിനുണ്ട്’.
മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഈ പാൻ-ഇന്ത്യൻ ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ഇന്ദ്രൻസ്, മുരളി ഗോപി, ‘പുഷ്പ’ സിനിമയിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ സുനിൽ, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഗംഭീര മേക്കിംഗും മികച്ച ദൃശ്യാനുഭവവും സമ്മാനിക്കുന്ന ഈ ചിത്രം തിയേറ്ററുകളിൽ തീയ്യാകുമെന്നാണ് പുറത്തുവരുന്ന അപ്ഡേറ്റുകൾ നൽകുന്ന സൂചന.