'അങ്കമ്മാൾ' ഇനി ഒ.ടി.ടിയിൽ കാണാം
പെരുമാൾ മുരുകൻറെ ചെറുകഥയായ 'കൊടിത്തുണി'യുടെ ചലച്ചിത്രാവിഷ്കാരമായ 'അങ്കമ്മാൾ' ഒ.ടി.ടിയിലെത്തി. ശ്രദ്ധേയനായ തമിഴ് ചരിത്രകാരനും കവിയും എഴുത്തുകാരനുമായ പെരുമാൾ മുരുകൻറെ ചെറുകഥ ആദ്യമായി ചലച്ചിത്രമാകുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമിഴ് സംവിധായകൻ കാർത്തിക്ക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് ഫിലിംസിനോടൊപ്പം നടനും ഗായകനുമായ ഫിറോസ് റഹിം, ഛായാഗ്രാഹകൻ അൻജോയ് സാമുവൽ എന്നിവർ ചേർന്ന് എൻജോയ് ഫിലിംസ്, ഫിറോ മൂവി സ്റ്റേഷൻ എന്നീ ബാനറിൽ നിർമിച്ച ചിത്രം വിപിൻ രാധാകൃഷ്ണനാണ് സംവിധാനം ചെയ്തിരിക്കുന്നത്.
'കൊടിത്തുണി'യുടെ പുതിയ വ്യാഖ്യാനമാണ് ചിത്രം. നിർമാതാക്കളിൽ ഒരാളായ അൻജോയ് സാമുവൽ തന്നെയാണ് ചിത്രത്തിന്റെ കാമറയും കൈകാര്യം ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ റിലീസിന് ശേഷം ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ കൂട്ടായ്മയിലുള്ള ഭാവന സ്റ്റുഡിയോസ് ആണ് കേരളത്തിൽ ചിത്രം തിയറ്ററുകളിൽ എത്തിച്ചത്. ആമസോൺ പ്രൈം, സൺ നെക്സ്റ്റ്, സിംപ്ലി സൗത്ത് തുടങ്ങിയവയിൽ ചിത്രം കാണാം.
അങ്കമ്മാൾ കഴിഞ്ഞ ഐ.എഫ്.എഫ്.കെ ഉൾപ്പടെ നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും, ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം, മെൽബൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, ബെസ്റ്റ് ആക്ട്രസ് എന്നീ അവാർഡുകൾ നേടിയിട്ടുണ്ട്. നാഷനൽ സർവേയിൽ 2025ലെ മികച്ച ഇന്ത്യൻ സിനിമകളിൽ ഇടംപിടിച്ചിട്ടുള്ള ചിത്രമാണ് അങ്കമ്മാൾ. ഗീത കൈലാസം, ശരൺ, ഭരണി, തെൻട്രൽ രഘുനാഥൻ, മുല്ലൈ അരസി, ബേബി യാസ്മിൻ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.