മണ്ടിയായി അഭിനയിച്ചെന്ന് വാര്‍ത്ത, തമാശയായി പറഞ്ഞതിനെ വളച്ചൊടിച്ചെന്ന് അനശ്വര രാജന്‍

 

അഭിമുഖത്തിനിടെ തമാശയായി പറഞ്ഞ കാര്യത്തെ ഗൗരവകരമായ പ്രസ്താവന എന്ന രീതിയില്‍ മാറ്റിയെന്നും അനശ്വര ആരോപിച്ചു.

 

ഇന്‍സ്റ്റഗ്രാം സ്റ്റോയിലൂടെയാണ് അനശ്വരയുടെ പ്രതികരണം.

അഭിമുഖത്തിനിടെ തമാശയായി പറഞ്ഞ വാക്കുകള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് നടി അനശ്വര രാജന്‍. 'വിത്ത് ലവ്' എന്ന തമിഴ് സിനിമയുടെ പ്രമോഷനായി നല്‍കിയ തമിഴ് അഭിമുഖത്തിലെ അനശ്വരയുടെ വാക്കുകളാണ് ചില മാധ്യമങ്ങള്‍ തെറ്റായി നല്‍കിയതെന്ന് അനശ്വര പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോയിലൂടെയാണ് അനശ്വരയുടെ പ്രതികരണം. അഭിമുഖത്തിനിടെ തമാശയായി പറഞ്ഞ കാര്യത്തെ ഗൗരവകരമായ പ്രസ്താവന എന്ന രീതിയില്‍ മാറ്റിയെന്നും അനശ്വര ആരോപിച്ചു.

''സാധാരണയായി ഇത്തരം വിവാദങ്ങളില്‍ നിന്നും മാറിനില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കാറുള്ളത്. എന്നാല്‍ എന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിയില്ല. ഏകദേശം ഇരുപത് മിനിറ്റോളം നീണ്ടുനിന്ന തമാശ നിറഞ്ഞ ഒരു അഭിമുഖം മുഴുവന്‍ കേട്ട് അതില്‍ വളരെ തമാശയായി പറഞ്ഞ എന്റെ വാക്കുകളെ വളരെ സീരിയസ് ആയ സ്റ്റേറ്റ്മെന്റ് ആയി കണക്കാക്കി നല്‍കിയ വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് മാധ്യമപ്രവര്‍ത്തനമല്ല ഞാന്‍ പറഞ്ഞത് പോലുമല്ലാത്ത വാക്കുകളെ വളച്ചൊടിക്കുന്നതാണ്. ഞാന്‍ പറയാത്ത കാര്യം പറഞ്ഞുവെന്ന് പറയുന്നത് വിഷമിപ്പിച്ചു. ഇത് തികച്ചും ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമമാണ്', അനശ്വര പറഞ്ഞു.
വാര്‍ത്തയുടെ ചിത്രമടക്കം പങ്കുവച്ചാണ് അനശ്വര ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചത്. 'ചിത്രത്തിന്റെ സെറ്റില്‍ മറ്റുള്ളവരുമായി വൈബാകാന്‍ മണ്ടിയായി അഭിനയിച്ചു' എന്നായിരുന്നു വാര്‍ത്ത.