അണലി’ വെബ് സിരീസ് പുതിയ പോസ്റ്റർ പുറത്ത്  

 

 സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആദ്യമായി ഒരുക്കുന്ന ‘അണലി’ എന്ന വെബ് സിരീസിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. നടിമാരായ ലിയോണ ലിഷോയും നിഖില വിമലുമാണ് പുതിയ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഓരോ പുഞ്ചിരിക്ക് പിന്നിലും ഒരു നുണ ഉണ്ടാവും’ എന്ന വേറിട്ട ക്യാപ്ഷനോടെ, ലിയോണയുടെ സൈക്കോ ലുക്കിലുള്ള പോസ്റ്റർ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടിയിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാർ സിരീസ് വൈകാതെ സ്ട്രീമിംഗ് ആരംഭിക്കും.

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതക കേസിനെ ആസ്പദമാക്കിയാണ് ‘അണലി’ ഒരുങ്ങുന്നത്. കേസ് പശ്ചാത്തലമാകുന്ന സിരീസിൽ പ്രധാന പ്രതിയായ ജോളി ജോസഫിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലിയോണ ലിഷോയ് ആണ്. ലിയോണയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ചതും ശക്തവുമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഇത്. നേരത്തെ ഈ സംഭവത്തെ ആസ്പദമാക്കി ‘കറി ആൻഡ് സയനൈഡ്’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയും, ‘കൂടത്തായി’ എന്ന പേരിൽ ടെലിവിഷൻ പരമ്പരയും പുറത്തിറങ്ങിയിരുന്നു.

ഏഷ്യാവിൽ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ സിരീസിൽ നിഖില വിമലും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മിഥുൻ മാനുവൽ തോമസും ജോൺ മന്ത്രിക്കലും ചേർന്നാണ് സിരീസിന്റെ തിരക്കഥയൊരുക്കുന്നത്. ‘അലമാര’ എന്ന ചിത്രത്തിന്റെ രചയിതാവും ‘ആൻമരിയ കലിപ്പിലാണ്’, ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവ്’ എന്നീ ചിത്രങ്ങളുടെ സഹരചയിതാവുമായിരുന്നു ജോൺ മന്ത്രിക്കൽ. ജയസൂര്യ, വിനായകൻ, വിജയ് ബാബു തുടങ്ങി വൻ താരനിര അണിനിരന്ന് വലിയ വിജയം നേടിയ ‘ആട് 3’ ആണ് മിഥുൻ മാനുവലിന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.