ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഷീൽഡ് പൂർണമായും ഒഴിവാക്കി ആരാധകർക്ക് മുന്നിലെത്തി അമിതാഭ് ബച്ചൻ
മുംബൈയിലെ വസതിയായ ‘ജൽസ’യ്ക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകരെ നേരിട്ടുകണ്ട് ദീപാവലി ആശംസകൾ നേർന്ന് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ. സമീപകാലത്തുണ്ടായ ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും, ഇത്തവണ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഷീൽഡ് പൂർണമായും ഒഴിവാക്കിയാണ് താരം ആരാധകർക്ക് മുന്നിലെത്തിയത്.

ഞായറാഴ്ചകളിൽ വസതിക്ക് പുറത്തെത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്നത് അമിതാഭ് ബച്ചന്റെ പതിവാണ്. സുരക്ഷാ ഭീഷണികളെ തുടർന്ന് കഴിഞ്ഞയാഴ്ച ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിൽ നിന്നായിരുന്നു അദ്ദേഹം എത്തിയിരുന്നത്. എന്നാൽ ഇത്തവണ പ്രൊട്ടക്റ്റീവ് ഗ്ലാസ് മാറ്റി, മൈക്കിലൂടെ ആരാധകർക്ക് നേരിട്ട് ദീപാവലി ആശംസകൾ നേർന്നു. കൈകൂപ്പിയും കൈവീശിയും ആരാധകരെ അഭിവാദ്യം ചെയ്ത താരത്തോടൊപ്പം മകൻ അഭിഷേക് ബച്ചനും ഉണ്ടായിരുന്നു. മുംബൈ പോലീസിന്റെയും സുരക്ഷാ ജീവനക്കാരുടെയും കനത്ത കാവലിലായിരുന്നു ചടങ്ങ്.
ശരീരത്തിന് കൂടുതൽ വിശ്രമം ആവശ്യമാണെന്നും കൈവേദന കാരണം ബ്ലോഗുകൾ വൈകുന്നതിൽ ആരാധകരോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം തന്റെ ബ്ലോഗിൽ വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം അവതാരകനായ ‘കോൻ ബനേഗാ ക്രോർപതി 18’ എന്ന റിയാലിറ്റി ഷോയുടെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
നേരത്തെ, മുംബൈയിലെ ഒരു സ്കൂളിന്റെ ഇ-മെയിൽ വിലാസത്തിലേക്ക് അമിതാഭ് ബച്ചന്റെ വസതിക്ക് നേരെ ബോംബ് ആക്രമണമുണ്ടാകുമെന്ന് ഭീഷണി സന്ദേശം എത്തിയിരുന്നു. ടൈഗർ ഷ്റോഫിനെതിരെയും സമാനമായ ഭീഷണിയുണ്ടായിരുന്നു. തുടർന്ന് ജൽസയ്ക്ക് സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും, ആരാധകരോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ സുരക്ഷാകവചങ്ങൾ മാറ്റിവെച്ചാണ് ഇത്തവണ താരം പുറത്തിറങ്ങിയത്.