‘ആൽഫ’ ഒടിടിയിലേക്ക്

 ബോളിവുഡിലെ ആദ്യ വനിതാ സ്പൈ ആക്ഷൻ ത്രില്ലറായി തിയറ്ററുകളിലെത്തിയ ‘ആൽഫ’ ഒടിടി റിലീസിന് ഒരുങ്ങുന്നു. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിച്ച് ശിവ് റവൈൽ സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് ആഗസ്റ്റ് 28-ന് പ്രദർശനം ആരംഭിക്കുന്നത്.

 

 ബോളിവുഡിലെ ആദ്യ വനിതാ സ്പൈ ആക്ഷൻ ത്രില്ലറായി തിയറ്ററുകളിലെത്തിയ ‘ആൽഫ’ ഒടിടി റിലീസിന് ഒരുങ്ങുന്നു. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിച്ച് ശിവ് റവൈൽ സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് ആഗസ്റ്റ് 28-ന് പ്രദർശനം ആരംഭിക്കുന്നത്. യൈആർഎഫ് സ്പൈ യൂണിവേഴ്സിലെ ഏഴാമത്തെ ചിത്രവും നായികാ പ്രാധാന്യമുള്ള ആദ്യ സംരംഭവും എന്ന നിലയിൽ വലിയ ഹൈപ്പോടെ ജൂലൈ 3 വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

അലിയ ഭട്ടിനൊപ്പം ഷർവാരിയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ അനിൽ കപൂർ, ബോബി ഡിയോൾ എന്നിവരും അണിനിരന്നിരിക്കുന്നു. ഇവരെക്കൂടാതെ ഹൃത്വിക് റോഷൻ, ദിയാ മിർസ, അശുതോഷ് റാണ എന്നിവരുടെ കാമിയോ വേഷങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. സുമിത് ശുക്ലയും ശ്രീധർ രാഘവനും ചേർന്ന് രചന നിർവ്വഹിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ഇഷിത മൊയ്ത്രയാണ്. റുബൈസ് ഛായാഗ്രഹണവും ആരിഫ് ഷെയ്ഖ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സഞ്ചിത്, അങ്കിത് ബൽ‌ഹാര എന്നിവരാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങൾ നേടി ബോക്സ് ഓഫീസിൽ 99.10 കോടി രൂപ മാത്രമാണ് ചിത്രം നേടിയതെങ്കിലും ഒടിടി റിലീസിലൂടെ വലിയ കാഴ്ചക്കാരെ നേടാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. ആക്ഷൻ രംഗങ്ങൾക്കും താരനിരയുടെ പ്രകടനത്തിനും മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് അണിയറക്കാരുടെ വിലയിരുത്തൽ.