ആലിയ ഭട്ടിന്റെ ‘ആൽഫ’ക്ക് നിരാശാജനകമായ പ്രതികരണങ്ങൾ 

 

 ബോളിവുഡിലെ വമ്പൻ ഫ്രാഞ്ചൈസികളിലൊന്നായ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ ആദ്യ വനിതാ കേന്ദ്രീകൃത ചിത്രമായ ‘ആൽഫ’യ്ക്ക് തിയേറ്ററുകളിൽ നിന്ന് നിരാശാജനകമായ പ്രതികരണങ്ങൾ. ആലിയ ഭട്ടും ശർവരിയും പ്രധാന വേഷങ്ങളിലെത്തിയ ഈ ബിഗ് ബജറ്റ് ആക്ഷൻ ചിത്രം റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസങ്ങൾ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 55.50 കോടി രൂപയാണ് നേടിയത്. ഇന്ത്യയിൽ നിന്ന് 39.50 കോടിയും ഓവർസീസിൽ നിന്ന് 16 കോടിയും സ്വന്തമാക്കിയെങ്കിലും, വമ്പൻ ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് വരും ദിവസങ്ങളിൽ കളക്ഷൻ വലിയ രീതിയിൽ ഉയർത്തിയാൽ മാത്രമേ ബോക്സ് ഓഫീസിൽ പരാജയഭാരത്തിൽ നിന്ന് രക്ഷപ്പെടാനാകൂ.

‘ദി റെയിൽവേ മെൻ’ എന്ന ശ്രദ്ധേയമായ സീരീസിന് ശേഷം ശിവ് റവയിൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്, മുൻപ് പുറത്തിറങ്ങിയ സ്പൈ യൂണിവേഴ്സ് സിനിമകളേക്കാൾ വളരെ മോശം അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിൽ തീയേറ്ററുകളെ അല്പമെങ്കിലും ആവേശം കൊള്ളിക്കുന്നത് ഹൃത്വിക് റോഷന്റെ അതിഥി വേഷം (കാമിയോ) മാത്രമാണെന്നും സിനിമാ പ്രേമികൾ കുറിക്കുന്നു. ‘ഏക് താ ടൈഗർ’, ‘പത്താൻ’, ‘വാർ’ തുടങ്ങിയ വമ്പൻ ഹിറ്റുകൾ സമ്മാനിച്ച ഈ യൂണിവേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും തണുപ്പൻ പ്രതികരണം നേരിടുന്ന ചിത്രമായി ഇതോടെ ‘ആൽഫ’ മാറിയിരിക്കുകയാണ്.