‘ഐ നോബഡി’യിൽ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച് അലംകൃത പൃഥ്വിരാജ്
മലയാളികളുടെ പ്രിയതാരം പൃഥ്വിരാജിന്റെ മകൾ അലംകൃത പൃഥ്വിരാജ് പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കുന്നു. നിസാം ബഷീർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘ഐ നോബഡി’യിലെ ‘സർക്കസ്’ എന്ന ഗാനമാണ് അലംകൃത ആലപിച്ചിരിക്കുന്നത്. ബാങ്ക് മോഷണത്തെ ആസ്പദമാക്കി ഒരുക്കിയ ഹീസ്റ്റ് ജോണർ ചിത്രമായ ‘ഐ നോബഡി’ റിലീസിന് പിന്നാലെ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. ചിത്രത്തിലെ ഗാനം അലംകൃതയുടെ മനോഹരമായ ആലാപനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
അലംകൃതയുടെ സംഗീതത്തോടുള്ള അഭിനിവേശത്തെ പ്രോത്സാഹിപ്പിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും പൃഥ്വിരാജും സുപ്രിയ മേനോനും കാണിക്കുന്ന താൽപ്പര്യം എടുത്ത് പറയേണ്ടതാണെന്ന് സംഗീത സംവിധായകൻ ജേക്സ് ബിജോയ് കുറിച്ചു. അലംകൃതയുടെ സംഗീത യാത്രയുടെ മികച്ച തുടക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ4 എക്‌സ്‌പെരിമെന്റസിന്റെ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ബോളിവുഡ് ഗായകൻ സുധീർ യദുവംശി ആലപിച്ച മറ്റൊരു ഗാനവുമുണ്ടെന്നത് ആരാധകർക്കിടയിൽ വലിയ കൗതുകമുണർത്തുന്നുണ്ട്.