ബോക്സ്ഓഫീസിൽ തരംഗം സൃഷ്ടിച്ച് ‘അഖണ്ഡ 2: താണ്ഡവം’

 

നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായ ‘അഖണ്ഡ 2: താണ്ഡവം’ ബോക്സ്ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. സൂപ്പർഹിറ്റായ ‘അഖണ്ഡ’യുടെ രണ്ടാം ഭാഗമായതിനാൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരുന്നത്. സിനിമ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണെങ്കിലും, ചിത്രത്തിന് ലഭിക്കുന്ന സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ആദ്യ ദിന കളക്ഷൻ എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

ബാലയ്യയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് ആണ് ‘അഖണ്ഡ 2’ സ്വന്തമാക്കിയത്. പ്രീമിയർ ഷോകളിലെ കളക്ഷൻ ഉൾപ്പെടെ ഒറ്റ ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് ഏകദേശം 59.5 കോടി രൂപയാണ് ചിത്രം നേടിയത്. 60 കോടിക്ക് അടുത്താണ് ആകെ കളക്ഷൻ. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം ആദ്യ ദിനം 22 കോടി രൂപ കളക്ട് ചെയ്തു. ഡിസംബർ 12-ന് തിയേറ്ററുകളിൽ എത്തിയ ഈ 120 കോടി ബജറ്റ് ചിത്രം, ആദ്യ വാരാന്ത്യത്തിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ തകർപ്പൻ കളക്ഷൻ നേട്ടം അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ച് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

ആദ്യ ഭാഗത്തേക്കാൾ വമ്പൻ കാൻവാസിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ഈ ബ്രഹ്മാണ്ഡ ബഡ്ജറ്റ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ആദി പിന്നിസെട്ടിയാണ് ചിത്രത്തിൽ വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് താരം ഹർഷാലി മൽഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്. എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്ന ഈ ചിത്രം 14 റീൽസ് പ്ലസിന്റെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

ബോയപതി ശ്രീനു തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. സി. രാംപ്രസാദ്, സന്തോഷ് ഡി. എന്നിവരാണ് ഛായാഗ്രഹണം. തമൻ എസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.