ജയ് ബാലയ്യാ' എന്ന് ആദ്യം കേട്ടത് അമ്മയുടെ ഗർഭപാത്രത്തിൽ വെച്ച്, അഭിമന്യു കേട്ടത് പോലെ -നന്ദമൂരി ബാലകൃഷ്ണ
നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ. ആരാധകര്‍ ബാലയ്യ എന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം അഖണ്ഡ 2: താണ്ഡവം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. 2021-ല്‍ പുറത്തിറങ്ങിയ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അഖണ്ഡ 2.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിവിധ ഭാഷകളിലായി നിരവധി അഭിമുഖങ്ങളാണ് ബാലകൃഷ്ണ നല്‍കുന്നത്. അത്തരത്തില്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ആരാധകര്‍ താരത്തോടുള്ള ആരാധന പ്രകടിപ്പിക്കാനായി വിളിക്കുന്ന മുദ്രാവാക്യമാണ് 'ജയ് ബാലയ്യാ' എന്നത്. ഈ മുദ്രാവാക്യത്തെ കുറിച്ചുള്ള ചോദ്യത്തിന്റെ ബാലയ്യയുടെ മറുപടിയാണ് വൈറലായത്.
14 റീല്‍സ് പ്ലസിന്റെ യൂട്യൂബ് ചാനലില്‍ ബാലകൃഷ്ണയുമായുള്ള ഹിന്ദി അഭിമുഖത്തിനിടെയായിരുന്നു രസകരമായ ചോദ്യവും മറുപടിയും. 'താങ്കളുടെ ആരാധകര്‍ എല്ലായിടത്തും ജയ് ബാലയ്യാ എന്ന് ഉറക്കെ വിളിക്കുന്നു. ഈ മുദ്രാവാക്യം നിങ്ങള്‍ ആദ്യമായി കേട്ടത് എന്നാണ്?' -ഇതായിരുന്നു അവതാരകന്റെ ചോദ്യം. അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ളപ്പോഴാണ് എന്നായിരുന്നു ബാലയ്യയുടെ മറുപടി.
'അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി ആ മുദ്രാവാക്യം കേട്ടത്. അഭിമന്യു കേട്ടത് പോലെ. കുരുക്ഷേത്ര യുദ്ധത്തില്‍ പത്മവ്യൂഹത്തിനകത്തേക്ക് എങ്ങനെ പ്രവേശിക്കണമെന്ന് അമ്മയുടെ ഗര്‍ഭപാത്രത്തിലിരിക്കെ അഭിമന്യു കേട്ടില്ലേ. അതുപോലെ ഞാന്‍ എന്റെ അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ളപ്പോഴാണ് ഇത് ആദ്യമായി കേട്ടത്.' -ഇതാണ് ബാലയ്യ മറുപടിയായി പറഞ്ഞത്.