ഒമ്പത് വയസുകാരനായ മകന് എഡിഎച്ച്ഡി കണ്ടെത്തിയതിനെത്തുടര്‍ന്ന് ജീവിതത്തിലെ മുന്‍ഗണനകള്‍ തന്നെ മാറി ; വിനയ് ഫോര്‍ട്ട്

ഈ ഡയഗ്‌നോസിന്റെ മുമ്പ് എനിക്ക് ഇതേക്കുറിച്ചൊന്നും അറിവുണ്ടായിരുന്നില്ല

 

അവന്‍ സ്പെക്ട്രത്തില്‍ പെട്ട കുട്ടിയാണ്. അതിനാല്‍ സാധാരണകുട്ടികളേക്കാള്‍ ശ്രദ്ധ അവന് കൊടുക്കേണ്ടതുണ്ട്.

തന്റെ ഒമ്പത് വയസുകാരനായ മകന് എഡിഎച്ച്ഡി കണ്ടെത്തിയതിനെത്തുടര്‍ന്ന് ജീവിതത്തിലെ മുന്‍ഗണനകള്‍ തന്നെ മാറിയെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. ന്യൂറോ ഡൈവേര്‍ജന്റ് ആയ മകന്റെ സന്തോഷവും സ്വതന്ത്രമായ ഭാവിയുമാണ് ഇപ്പോള്‍ ജീവിതത്തില്‍ ഏറ്റവും പ്രധാനം. ബിരുദാനന്തര ബിരുദമുണ്ടായിട്ടും എഡിഎച്ച്ഡി, ഓട്ടിസം തുടങ്ങിയ അവസ്ഥകളെക്കുറിച്ച് മുന്‍പ് ധാരണയില്ലായിരുന്നുവെന്നും, മകന് നേരിടുന്ന വെല്ലുവിളികള്‍ക്കായി ഒരു രക്ഷിതാവെന്ന നിലയില്‍ സ്വയം എജ്യുക്കേറ്റ് ചെയ്യുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും വിനയ് പറയുന്നു.

'എന്റെ മകന് ഒമ്പത് വയസായി. അടുത്തിടെ അവന് എഡിഎച്ച്ഡി ആണെന്ന് കണ്ടെത്തി. അവന്‍ സ്പെക്ട്രത്തില്‍ പെട്ട കുട്ടിയാണ്. അതിനാല്‍ സാധാരണകുട്ടികളേക്കാള്‍ ശ്രദ്ധ അവന് കൊടുക്കേണ്ടതുണ്ട്. ഈ ഡയഗ്‌നോസിന്റെ മുമ്പ് എനിക്ക് ഇതേക്കുറിച്ചൊന്നും അറിവുണ്ടായിരുന്നില്ല. വളര്‍ന്ന രീതി അങ്ങനെയായിരുന്നു. എനിക്ക് കുറച്ചുകൂടി പ്രിവിലേജുണ്ട്. എന്നെ സംബന്ധിച്ച്, ഇപ്പോള്‍ എന്റെ പ്രയോരിറ്റിയും ജീവിതത്തിന്റെ ലക്ഷ്യവും എന്റെ മകന്റെ ഭാവിയാണ്.

സ്പെക്ട്രത്തിലുള്ളവരെക്കുറിച്ചൊന്നും നമ്മള്‍ പഠിച്ചിട്ടില്ല. എനിക്ക് ബിരുദാന്തര ബിരുദമുണ്ട്. പക്ഷെ എഡിഎച്ച്ഡി, ഓട്ടിസം എന്നൊക്കെ പറയുന്നതിനെക്കുറിച്ച് യാതൊരു അറിവും എനിക്കുണ്ടായിരുന്നില്ല.

എന്റെ ജീവിതത്തില്‍ ഞാന്‍ ലക്ഷ്യമിടുന്ന ഒരേയൊരു കാര്യം മകന് മെച്ചപ്പെട്ടൊരു ജീവിതമുണ്ടാവുക, അവന്‍ നേരിടുന്ന വെല്ലുവിളികള്‍ക്കായി രക്ഷിതാവെന്ന നിലയില്‍ ഏറ്റവും നല്ല രീതിയില്‍ എജ്യുക്കേറ്റ് ചെയ്യുക എന്നതാണ്. നാളെ സ്വതന്ത്രവും, സന്തോഷം നിറഞ്ഞതും, പ്രൊഡക്ടീവുമായ ജീവിതം അവനുണ്ടാവുക എന്നതാണ് എന്റെ മുന്‍ഗണന.

നമ്മുടെ സമൂഹത്തിന് ഒരു ധാരണയുമില്ലാത്തവരാണ് സ്പെക്ട്രത്തില്‍ പെട്ടവര്‍. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരുപാട് കുട്ടികളുണ്ടായിരുന്നു. അവര്‍ക്ക് പല പേരുകളാണ് നമ്മള്‍ കൊടുത്തത്. മടിയനെന്ന് വിളിച്ചു. ടീച്ചേഴ്സ് അടിച്ച് തോല് പൊളിക്കുന്ന കുട്ടികളായിരുന്നു. ഓരോരുത്തരുടേയും തലച്ചോര്‍ ഓരോ തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ന്യൂറോ ഡൈവേര്‍ജന്റ് ആളുകള്‍ നമ്മളില്‍ നിന്നും വ്യത്യസ്തരായിരിക്കും. പക്ഷെ അവര്‍ കുറവുള്ളവരല്ല.

നമ്മുടെ വിദ്യാഭ്യാസം സംവിധാനം ഡിസൈന്‍ ചെയ്തിരിക്കുന്നത് ന്യൂറോ ടിപ്പിക്കല്‍ ആയവര്‍ക്ക് വേണ്ടിയാണ്. അതുപോലൊരു സമൂഹത്തില്‍ നാളെ എന്റെ മകന്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നതാണ് എന്റെ പ്രയോരിറ്റി. അത് കഴിഞ്ഞിട്ടേയുള്ളൂ ബാക്കിയുള്ളതെല്ലാം', വിനയ് ഫോര്‍ട്ട് പറഞ്ഞു.