അടൂർ-മമ്മൂട്ടി കൂട്ടുകെട്ടിന്റെ ‘പദയാത്ര’ റിലീസിനൊരുങ്ങുന്നു

 മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ‘പദയാത്ര’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ രാത്രി 8:55-ന് പുറത്തുവിടുമെന്ന ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവർത്തകർ പുറത്തുവിട്ടു.

 

 മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ‘പദയാത്ര’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ രാത്രി 8:55-ന് പുറത്തുവിടുമെന്ന ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. 1993-ൽ പുറത്തിറങ്ങിയ ‘വിധേയൻ’ എന്ന ചിത്രമാണ് ഇതിനു മുൻപ് ഈ കൂട്ടുകെട്ടിൽ അവസാനമായി പിറന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണിത്. ഗ്രേസ് ആന്റണിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഷെഹ്‌നാഥ് ജലാൽ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് മുജീബ് മജീദ് ആണ്.

മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പദയാത്ര’. ‘അനന്തരം’ (1987), ‘മതിലുകൾ’ (1990), ‘വിധേയൻ’ (1993) എന്നിവയാണ് ഇതിനുമുമ്പ് ഇവർ ഒന്നിച്ച ചിത്രങ്ങൾ. ഇതിൽ മതിലുകളിലും വിധേയനിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മമ്മൂട്ടിയാണ്. ‘മതിലുകളിൽ’ വൈക്കം മുഹമ്മദ് ബഷീറായി വേഷമിട്ട താരം, ഈ രണ്ട് ചിത്രങ്ങളിലെയും പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കി. അതേസമയം, സക്കറിയയുടെ ‘ഭാസ്കര പട്ടേലരും എന്റെ ജീവിതവും’ എന്ന നോവലിനെ ആസ്പദമാക്കിയാണ് അടൂർ ‘വിധേയൻ’ ഒരുക്കിയത്.

32 വർഷങ്ങൾക്ക് ശേഷം ഈ പ്രതിഭാധനരായ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ ചിത്രം എത്തരത്തിലുള്ളതായിരിക്കുമെന്ന വലിയ ആകാംക്ഷയിലാണ് ചലച്ചിത്ര ലോകവും പ്രേക്ഷകരും. ഉടൻ തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.