' അതെനിക്ക് കംഫർട്ട് ആയിട്ടുള്ള ഒരു പടമാണ്. പക്ഷെ കണ്ടാൽ ഞാൻ കരയും'; നിമിഷ സജയൻ
വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മികച്ച നടിമാരിലൊരാളായി മാറിയ നടിയാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളത്തിലരങ്ങേറിയ നടി ഇന്ന് അന്യഭാഷകളിലും തിളങ്ങിനിൽക്കുകയാണ്.
ഇപ്പോഴിതാ തന്റെ ഇഷ്ട്ട ചിത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. തന്റെ പുതിയ പ്രൊജക്റ്റായ 'പോച്ചര്‍' എന്ന വെബ് സീരീസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള സിനിമയെ കുറിച്ച് നിമിഷ മനസ്സ് തുറന്നത്.
‘ഞാൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള സിനിമ താരെ സമീൻ പറാണ്. അത് കാണുമ്പോഴൊക്കെ ഞാൻ കരയും. ഞാൻ അതിലെ ഇഷാൻ അവസ്തിയെന്ന കഥാപാത്രത്തെ ഒരുപാട് ഇഷ്ടപെടുന്നുണ്ട്. ഞാൻ അതെത്ര കണ്ടാലും കരയും ഇനി കാണുമ്പോഴും കരയും. ആ പടത്തിൽ ഇഷാനെ ആരെങ്കിലും വഴക്ക് പറഞ്ഞാലും ഞാൻ കരയും. ചെറിയ എന്തെങ്കിലും മതിയെനിക്ക്. അത് എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയാണത്. അതെനിക്ക് കംഫർട്ട് ആയിട്ടുള്ള ഒരു പടമാണ്. പക്ഷെ കണ്ടാൽ ഞാൻ കരയും,’ എന്നായിരുന്നു നിമിഷ പറഞ്ഞത്. അതേസമയം താൻ കോമഡി സിനിമകളും കാണാറുണ്ടെന്നും മലയാളത്തിൽ കിലുക്കം തനിക്ക് ഒരുപാടിഷ്ടമാണെന്നും നിമിഷ പറഞ്ഞു.
ഡെല്‍ഹി ക്രൈംസിന് ശേഷം റിച്ചി മെഹ്ത സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പോച്ചര്‍'. നിമിഷ സജയന് പുറമെ റോഷൻ മാത്യു, ദിവ്യേന്ദു ഭട്ടാചാര്യ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാടൽ കണ്ടെത്തുന്ന യഥാർത്ഥ ജീവിത സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ് 'പോച്ചർ' എന്ന വെബ് സീരീസ്.
നടിയും നിർമ്മാതാവുമായ ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈസാണ് പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. മലയാളത്തിന് പുറമെ തെലുങ്ക് കന്നഡ തമിഴ് ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാണ്.