ജന്മദിനത്തിൽ പുതിയ ചുവടുവെയ്പ്പുമായി നടി ഹണി റോസ്
ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടി ഹണി റോസ് ഇപ്പോഴിതാ നിർമ്മാതാവിന്റെ മേലങ്കിയണിയാണ് ഒരുങ്ങുകയാണ്. നടിയുടെ ജന്മദിനം കൂടിയായ ഇന്ന് പുതിയ നിർമാണ കമ്പനിയ്ക്ക് താരം തുടക്കം കുറിച്ചു. എച്ച്ആർവി (ഹണി റോസ് വർഗീസ്) പ്രൊഡക്ഷൻസ് എന്ന് പേരിട്ടിരിക്കുന്ന നിർമാണ കമ്പനിയുടെ പേരും ലോഗോയും ഹണി റോസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
"ഒരു സ്വപ്നം, ഒരു വിഷൻ, ഒരു സംരംഭം. സിനിമ എന്നത് പലർക്കും ഒരു സ്വപ്നമാണ്. അതൊരു ഫാൻ്റസിയാണ്, ജീവിതാഭിലാഷമാണ്. ഏകദേശം 20 വർഷമായി ഈ ഇൻഡസ്ട്രിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി ഞാന്‍ കരുതുകയാണ്. എൻ്റെ ചെറുപ്പം, ജീവിതം, പഠനം, സൗഹൃദങ്ങൾ തുടങ്ങി എല്ലാറ്റിലും സിനിമ വലിയതും അതി മനോഹരവുമായ പങ്ക് വഹിച്ചിട്ടുണ്ട്. ഈ വ്യവസായത്തിൽ വലിയൊരു പങ്ക് വഹിക്കേണ്ടത് എന്റെ കടയും വിധിയും ആണെന്ന് എനിക്ക് തോന്നുകയാണ്. എൻ്റെ ജന്മദിനത്തിൽ (ഒപ്പം അധ്യാപക ദിനത്തിലും) എൻ്റെ പുതിയ സംരംഭമായ ഹണി റോസ് വർഗീസ് (എച്ച്ആർവി) പ്രൊഡക്ഷൻസിൻ്റെ ലോഗോ അനാച്ഛാദനം ചെയ്യുകയാണ്. ഇത്രയും നാള് സിനിമാസ്വാദകർ നൽകിയ സ്നേഹത്തെ ഞാൻ വിനയത്തോടെ നോക്കിക്കാണുകയാണ്. അതെനിക്ക് അതിശയകരമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ഒരുക്കി. ഈ പിന്തുണ തുടർന്നും ഉണ്ടാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഈ യാത്രയിൽ സഹായിച്ച എല്ലാവരോടും നന്ദി പറയുകയാണ്. എച്ച്ആർവി പ്രൊഡക്ഷൻസിലൂടെ എൻ്റെ ആഗ്രഹവും പ്രതീക്ഷയും നടക്കുമെന്ന് കരുതുന്നു. മികച്ച പ്രതിഭകൾക്ക് അവസരം നൽകുക, നമ്മുടെ സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുക എന്നതുമാണ് എന്റെ ലക്ഷ്യം",എന്നാണ് സന്തോഷം പങ്കിട്ട് ഹണി റോസ് കുറിച്ചത്.
സിനിമയിലെത്തി 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് താരത്തിന്റെ പുതിയ ചുവടുവെയ്പ്പ്. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തുന്നത്.