നടൻ രാജേഷ് മാധവന്‍ വിവാഹിതനായി 

മലയാള ചലച്ചിത്ര നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു.

 

മലയാള ചലച്ചിത്ര നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവന്‍ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. 

‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു ദീപ്തി കാരാട്ട്. ഈ ചിത്രത്തില്‍ രാജേഷ് മാധവന്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. കാസര്‍കോട് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. പാലക്കാടാണ് ദീപ്തിയുടെ സ്വദേശം. 

ടെലിവിഷൻ പരിപാടികളിലൂടെ വെള്ളിത്തിരയിൽ എത്തിയ രാജേഷ്, അസ്തമയം വരെ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായി തുടക്കം കുറിച്ചു. ശേഷം മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തു. പിന്നീട് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി. നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും കാസ്റ്റിങ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തു.

കനകം കാമിനി കലഹം, 18 പ്ലസ്, നീലവെളിച്ചം, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. പെണ്ണും പൊറാട്ടും എന്ന ചിത്രത്തിലൂടെ സംവിധായകനാകാനുള്ള ഒരുക്കത്തില്‍കൂടിയാണ് രാജേഷ്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയാണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

ഇന്ത്യന്‍ പോലീസ് ഫോഴ്‌സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യന്‍, കെയര്‍ഫുള്‍ എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറാണ് ദീപ്തി. ത്രിതീയ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിച്ചു.