കോഫീഷോപ്പിലും മറ്റും നടിമാരുമായി കൂടിക്കാഴ്ച നടത്തുന്നത് കർശനമായി നിരോധിച്ചു; രാത്രി വൈകി നടിക്ക് സന്ദേശമയച്ച ജീവനക്കാരനെ പുറത്താക്കി; അഭിഷേക് ബാനർജി
സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിന് തന്റെ കാസ്റ്റിംഗ് ഏജൻസിയിലെ ജീവനക്കാർക്ക് ചില കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ബോളിവുഡ് നടൻ അഭിഷേക് ബാനർജി. സിനിമയുമായി ബന്ധപ്പെട്ട് സെറ്റിലെ സ്ത്രീകളുമായി ഓഫീസ് പരിസരത്തിന് പുറത്ത് മീറ്റിംഗുകൾ സംഘടിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും രാത്രി വൈകി നടിമാർക്ക് സന്ദേശമയക്കുന്നത് വിലക്കിയിട്ടുണ്ടെന്നുമാണ് അഭിഷേക് ബാനർജി പറയുന്നത്.
രാത്രി വൈകി നടിയ്ക്ക് സന്ദേശമയച്ചതിന് ജീവനക്കാരനെതിരെ കർശന നടപടി സ്വീകരിക്കുകയും പുറത്താക്കുകയും ചെയ്തിട്ടുണ്ടെന്ന് അഭിഷേക് ബാനർജി പറഞ്ഞു. സെറ്റിന് പുറത്ത് കോഫി ഷോപ്പിൽ വെച്ചെല്ലാം നടിമാരുമായി നടത്തുന്ന കൂടിക്കാഴ്ച കർശനമായി നിരോധിച്ചിട്ടുണ്ടെന്നും സ്ത്രീകൾക്ക് സുരക്ഷിതത്വം തോന്നുന്ന ഒരു സംവിധാനം സൃഷ്ടിക്കാൻ പ്രത്യേക ശ്രദ്ധ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
15 വർഷത്തെ അഭിനയ ജീവിതത്തിനോടൊപ്പം തന്നെ കാസ്റ്റിംഗ് ഡയറക്ടർ കൂടിയാണ് അഭിഷേക് ബാനർജി. മുംബൈ ആസ്ഥാനമായുള്ള കാസ്റ്റിംഗ് ഏജൻസിയായ കാസ്റ്റിംഗ് ബേയുടെ സഹ ഉടമ കൂടിയാണ്. അഭിഷേക് ബാനർജിയുടെതായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം സ്ത്രീ 2 ആണ്. ചിത്രത്തിൽ ജന എന്ന കഥാപാത്രത്തെയാണ് അഭിഷേക് അവതരിപ്പിച്ചിരിക്കുന്നത്.