മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ‘ആവാസവ്യൂഹം’ ഒടിടി റിലീസിലേക്ക്

 

 


ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരങ്ങള്‍ നേടിയ ആവാസവ്യൂഹം ഒടിടി റിലീസിന് തയാറെടുക്കുന്നു.
നശിപ്പിക്കപ്പെടുന്ന ആവാസവ്യവസ്ഥയെ പ്രശ്‌നവല്‍ക്കരിക്കുകയാണ് ആവാസവ്യൂഹം. പ്രകൃതിയുടെ നാശവും പ്രകൃതിയിലേക്കുള്ള കടന്നുകയറ്റങ്ങളുമാണ് ചിത്രം സംസാരിക്കുന്നത്. ക്രിഷാന്താണ് ചിത്രം സംവിധാനം ചെയ്തത്.

കരിക്ക് എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയനായ രാഹുല്‍ രാജഗോപാലാണ് ജോയി എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിലീന്‍ സാന്ദ്ര, ഗീതി സംഗീത, ശ്രീനാഥ് ബാബു, ഷിന്‍സ് ഷാന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വിഷ്ണു പ്രഭാകര്‍ ഛായാഗ്രഹണവും സംഗീതം അജ്മല്‍ ഹസ്ബുള്ളയും രാകേഷ് ചെറുമടം എഡിറ്റിങ്ങും പ്രൊമൈസ് ആനിമേഷനും നിര്‍വഹിച്ചിരിക്കുന്നു.
കൃഷാന്ദ് ആര്‍ കെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പ്രമുഖ പ്ലാറ്റ്‌ഫോം ആയ സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുക. നാളെ മുതല്‍ ചിത്രം കാണാനാവും.

ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ഒരു ചലച്ചിത്ര ഭാഷയിലൂടെ തീവ്രമായി ആവിഷ്‌കരിക്കുന്ന ചിത്രം എന്നാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ആവാസവ്യൂഹത്തെ വിലയിരുത്തിയത്.
‘ഭൂമുഖത്തെ ജീവജാലങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുന്ന ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ഒരു ചലച്ചിത്ര ഭാഷയിലൂടെ തീവ്രമായി ആവിഷ്‌കരിക്കുന്ന ചിത്രം. നര്‍മരസമാര്‍ന്ന ആഖ്യാനരീതി അവലംബിക്കുമ്പോഴും ആവാസ വ്യവസ്ഥയുടെ ആസന്നമായ പതനത്തെക്കുറിച്ചുള്ള ആശങ്കകളെ ഒട്ടും ഗൗരവം ചോരാതെ അവതരിപ്പിച്ച വിസ്മയകരമായ ദൃശ്യാനുഭവം’, എന്നായിരുന്നു ജൂറിയുടെ വാക്കുകള്‍.