തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി  ‘ആരം’ മുന്നേറുന്നു

 

 സെപ്റ്റംബർ 25-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ആരം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്നു. സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ സവിശേഷമായ അവതരണവും അപ്രതീക്ഷിത വഴിത്തിരിവുകളുമാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധ നേടുന്നത്.

ഒരു മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹമായ അന്വേഷണമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. അന്വേഷണത്തിനൊപ്പം പ്രേക്ഷകരെയും ഒപ്പം കൂട്ടുന്ന കഥപറച്ചിൽ രീതിയും, രണ്ടാം പകുതിയിലെ നിർണായക ട്വിസ്റ്റുകളും ക്ലൈമാക്സും ചിത്രത്തെ ആദ്യാവസാനം ആകാംക്ഷയോടെ കണ്ടിരിക്കാൻ സഹായിക്കുന്നുവെന്നാണ് നിരൂപകരുടെയും പ്രേക്ഷകരുടെയും വിലയിരുത്തൽ. അനാവശ്യ രംഗങ്ങളിലേക്ക് നീളാതെ കഥയുടെ യഥാർത്ഥ സംഘർഷങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേക്കിങ് ശൈലിയും വലിയ രീതിയിൽ പ്രശംസിക്കപ്പെടുന്നുണ്ട്.

ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായി സൈജു കുറുപ്പ് അവതരിപ്പിച്ച സ്വാഭാവിക പ്രകടനമാണ് സിനിമയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന്. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിലെ വെല്ലുവിളികൾക്കൊപ്പം വ്യക്തിജീവിതത്തിലെ വൈകാരിക സംഘർഷങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്ന കഥാപാത്രത്തിന് അദ്ദേഹം മികച്ച ആഴം നൽകിയിട്ടുണ്ട്. ഒപ്പം അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ പ്രകടനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാകുന്നുണ്ട്.

വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദറിന്റെ ഛായാഗ്രഹണവും വി. സാജന്റെ എഡിറ്റിംഗും രോഹിത് ഗോപാലകൃഷ്ണന്റെ സംഗീതവും ഒരു ത്രില്ലർ ചിത്രത്തിന് ആവശ്യമായ മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റോവാൻ എന്റർടെയ്ൻമെന്റ്സും ഗുഡ് ഫെല്ലാസും ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ഈ ചിത്രത്തിന്റെ ഡിജിറ്റൽ മാർക്കറ്റിംഗ് ജാങ്കോ സ്പേസും, അഡ്വർടൈസിംഗ് ബ്രിങ്ഫോർത്തും, പി.ആർ.ഒ. ചുമതല ഐശ്വര്യ രാജുമാണ് നിർവഹിച്ചിരിക്കുന്നത്.