‘ആട് 3’ ഒടിടിയിലേക്ക്

മിഥുൻ മാനുവൽ തോമസ്-ജയസൂര്യ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ‘ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്’ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നു. തിയേറ്ററുകളിൽ
 

മിഥുൻ മാനുവൽ തോമസ്-ജയസൂര്യ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ‘ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്’ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നു. തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച ചിത്രം മെയ് 1 മുതൽ സീ 5 ൽ സ്ട്രീമിങ് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. തിയേറ്ററുകളിൽ നിന്ന് 100 കോടിയിലധികം കളക്ഷൻ നേടിയ ശേഷമാണ് ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നത്.

ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് വിജയമായി മാറിയ ഈ ചിത്രം ഒരു എപിക് ഫാന്റസി ഫൺ റൈഡ് ആയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. വിനായകൻ, സൈജു കുറുപ്പ്, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കിയത്. ഷാജി പാപ്പനും സംഘവും ചേർന്ന് തിയേറ്ററുകളിൽ ഒരുക്കിയ ചിരിപൂരത്തിന്റെ ആവേശം ഇനി വീട്ടിലിരുന്ന് ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചത്. ആട് 3-യ്ക്ക് ഒരു രണ്ടാം ഭാഗം കൂടി ഉണ്ടാകുമെന്നും അതോടെ ഈ ഫ്രാഞ്ചൈസി അവസാനിക്കുമെന്നും സംവിധായകൻ മിഥുൻ മാനുവൽ തോമസ് വ്യക്തമാക്കിയിട്ടുണ്ട്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായ ആട് 3-യുടെ പാർട്ട് 1 ഇനി ഒടിടിയിൽ പുതിയ റെക്കോർഡുകൾ തീർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.