ആഗോള ബോക്സ് ഓഫീസിൽ തരംഗമായി ആട് 3 

 മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്” ആഗോള ബോക്സ് ഓഫീസിൽ തകർപ്പൻ മുന്നേറ്റം തുടരുന്നു.
 

 മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്” ആഗോള ബോക്സ് ഓഫീസിൽ തകർപ്പൻ മുന്നേറ്റം തുടരുന്നു. റിലീസ് ചെയ്ത ആദ്യ വീക്കെൻഡിൽ തന്നെ ഏകദേശം 90 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി ചിത്രം ബ്ലോക്ക്ബസ്റ്റർ പദവിയിലേക്ക് കുതിക്കുകയാണ്. കേരളത്തിനകത്തും പുറത്തും അഭൂതപൂർവമായ ജനപിന്തുണ ലഭിക്കുന്നതോടെ വരുംദിവസങ്ങളിൽ കൂടുതൽ സ്ക്രീനുകൾ ചിത്രത്തിനായി അനുവദിച്ചിട്ടുണ്ട്.

കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ആട് 3, ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ വിദേശ വിപണിയിലും വൻ കുതിപ്പാണ് നടത്തുന്നത്. യു.കെയിൽ 134-ഉം യു.എസ്.എയിൽ 68-ഉം യു.എ.ഇയിൽ 64-ഉം ഉൾപ്പെടെ ലോകമെമ്പാടുമുള്ള പ്രധാന രാജ്യങ്ങളിലെല്ലാം ചിത്രത്തിന് കൂടുതൽ സ്ക്രീനുകൾ അനുവദിച്ചു. യൂറോപ്യൻ രാജ്യങ്ങളിലും ഗൾഫ് മേഖലയിലും ചെക്ക് റിപ്പബ്ലിക്, കസാഖ്സ്ഥാൻ തുടങ്ങിയ പുതിയ മാർക്കറ്റുകളിലും ചിത്രം മികച്ച സ്ക്രീൻ കൗണ്ട് നിലനിർത്തുന്നുണ്ട്. ബുക്ക് മൈ ഷോയിൽ വൻ ട്രെൻഡിംഗ് തുടരുന്ന ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ കളക്ഷൻ നേടുമെന്നാണ് റിപ്പോർട്ടുകൾ.

മലയാള സിനിമയിലെ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മോഹൻലാലിന്റെ ‘എമ്പുരാന്’ (175 കോടി+) തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തെത്താൻ ആട് 3-ക്ക് സാധിച്ചു. കേരളത്തിൽ നിന്ന് മാത്രം ആദ്യ മൂന്ന് ദിനങ്ങളിൽ 27 കോടിയിലധികം രൂപയാണ് ചിത്രം സമാഹരിച്ചത്. യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും അജിപ്പന്റെ ‘ലാസ്റ്റ് റൈഡ്’ കാണാൻ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഉടൻ തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന പതിനാലാമത്തെ മലയാള ചിത്രമായി ആട് 3 മാറുമെന്നുറപ്പായി.

ഷാജി പാപ്പനും ടീമും വീണ്ടും സ്ക്രീനിലെത്തിയപ്പോൾ പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം മിഥുൻ മാനുവൽ തോമസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. വിദേശ രാജ്യങ്ങളിലെ സ്ക്രീൻ വർദ്ധനവ് വരും വാരങ്ങളിൽ ആഗോള ഗ്രോസ് വൻതോതിൽ ഉയർത്താൻ സഹായിക്കും.