നിശബ്ദയാക്കാമെന്ന് കരുതിയവര്‍ക്കുള്ള താക്കീത്': അനുകൂലമായ കോടതി വിധിയില്‍ പ്രതികരിച്ച് സാന്ദ്ര തോമസ്


ഇന്ത്യയിലെ നിയമ സംവിധാനത്തോടുള്ള അതിയായ വിശ്വാസം ഊട്ടിഉറപ്പിക്കുന്നതും കൂടിയാണ് ഇന്നത്തെ വിധിയെന്നും സാന്ദ്ര പറഞ്ഞു

 

 നിയമ പോരാട്ടത്തില്‍ കൂടെ നിന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നിര്‍മാതാവ് ഷീല കുര്യന്‍ എന്നിവര്‍ക്കും സാന്ദ്ര നന്ദി പറഞ്ഞു.

ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്ത കോടതി വിധിയില്‍ പ്രതികരിച്ച് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. തിന്മയുടെ മേല്‍ നന്മയുടെ വിജയമാണ് ഇതെന്ന് സാന്ദ്ര തോമസ് പറഞ്ഞു. സംഘടിതമായി ഒരു സ്ത്രീയോട് ചെയ്ത അനീതിക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സംഘടനയുടെ ദംഷ്ട്രകള്‍ കൊണ്ട് നിശബ്ദയാക്കാമെന്ന് കരുതിയവര്‍ക്കുള്ള താക്കീതാണ് കോടതി വിധിയെന്നും സാന്ദ്ര തോമസ് പറഞ്ഞു.


ഇന്ത്യയിലെ നിയമ സംവിധാനത്തോടുള്ള അതിയായ വിശ്വാസം ഊട്ടിഉറപ്പിക്കുന്നതും കൂടിയാണ് ഇന്നത്തെ വിധിയെന്നും സാന്ദ്ര പറഞ്ഞു. ഓരോരുത്തര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നേരെ വരുന്ന ഏത് തരം അക്രമങ്ങളെയും ശക്തിയുക്തം എതിര്‍ത്ത് തോല്‍പിക്കേണ്ടതാണെന്നും സാന്ദ്ര പറഞ്ഞു. നിയമ പോരാട്ടത്തില്‍ കൂടെ നിന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നിര്‍മാതാവ് ഷീല കുര്യന്‍ എന്നിവര്‍ക്കും സാന്ദ്ര നന്ദി പറഞ്ഞു.
സാന്ദ്ര തോമസിനെ പ്രോഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തിരുന്നു. എറണാകുളം സബ് കോടതിയുടേതായിരുന്നു നടപടി. അന്തിമ ഉത്തരവ് വരുംവരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗമായി തുടരാമെന്ന് കോടതി പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തിന്മയുടെ മേല്‍ നന്മയുടെ വിജയം

കാലം അങ്ങനെയാണ്, തിന്മകള്‍ക്ക് മേല്‍ നന്മക്ക് വിജയിച്ചേ കഴിയൂ. അതൊരു പ്രകൃതി നിയമം കൂടിയാണ്. സംഘടിതമായി ഒരു സ്ത്രീയോട് ചെയ്ത അനീതിക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സംഘടനയുടെ ദംഷ്ട്രകള്‍ കൊണ്ട് നിശബ്ദയാക്കാമെന്ന് കരുതിയവര്‍ക്കുള്ള താക്കീതാണ് ഇന്നത്തെ കോടതിവിധി.

ഇന്ത്യയിലെ നിയമ സംവിധാനത്തോടുള്ള അതിയായ വിശ്വാസം ഊട്ടിഉറപ്പിക്കുന്നതും കൂടിയാണ് ഇന്നത്തെ വിധി. അതുകൊണ്ട് ഓരോരുത്തര്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് നേരെ വരുന്ന ഏത് തരം അക്രമങ്ങളെയും ശക്തിയുക്തം എതിര്‍ത്ത് തോല്‍പിക്കേണ്ടതാണ്.

ഈ പോരാട്ടത്തിന് എന്നെ സഹായിച്ച എന്റെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സിനിമാ സംഘടയില്‍ നിന്ന് ഭീഷണി ഉണ്ടായിട്ടും എന്നെ പിന്തുണച്ച നിര്‍മാതാവ് ഷീല കുര്യന്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി