മലയാള സിനിമാ മേഖലയില്‍ മാറ്റത്തിന് തുടക്കം ; രേവതി

അടുത്ത തലമുറയ്ക്ക് മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കാനുള്ള മാറ്റം കൂടിയാണിത്.
 

മലയാളം സിനിമാ മേഖലയില്‍ വളരെ പ്രധാനപ്പെട്ട ഒരു മാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്ന് നടി രേവതി. നിരവധി പ്രശ്നങ്ങള്‍ കാണാമറയത്തായിരുന്നു. പുറത്തുവരാനുള്ള നിരവധി വിഷയങ്ങളുടെ ഫൗണ്ടേഷന്‍ ആണിതെന്നും രേവതി പറഞ്ഞു

അടുത്ത തലമുറയ്ക്ക് മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കാനുള്ള മാറ്റം കൂടിയാണിത്. സിനിമ മേഖലയിലേക്ക് കടന്നുവരുന്ന പുതുതലമുറയ്ക്ക് ഈ നീക്കം ധൈര്യം നല്‍കും. കൃത്യസമയത്ത് നോ പറയാന്‍ സ്ത്രീകള്‍ പഠിക്കണം. സ്ത്രീയും പുരുഷനും ആകര്‍ഷണം തോന്നുന്നത് സാധാരണമാണ്. അതില്‍ തെറ്റില്ല. കണ്‍സെന്റ് പ്രധാനമാണ്. അത് നമ്മള്‍ പഠിക്കണമെന്നും രേവതി പറഞ്ഞു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബറോടെ തയ്യാറായി. എന്നാല്‍ റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ സര്‍ക്കാര്‍ വൈകി. ഇതോടെ നീതിയും വൈകിയെന്നും രേവതി പറഞ്ഞു. ഇങ്ങനെയൊരു നീക്കം രാജ്യത്ത് ഇത് ആദ്യമാണ്. എല്ലാം പുതിയ തുടക്കത്തിന്റെ ഭാഗമാണ്. സിനിമാ മേഖലയില്‍ എന്താണ് സംഭവിക്കുന്നതെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നു . എന്നാല്‍, തങ്ങള്‍ക്ക് ഒരു ഔദ്യോഗിക റിപ്പോര്‍ട്ട് വേണം എന്നായിരുന്നു തീരുമാനം. എല്ലാം ഗോസിപ്പ് എന്ന് പൊതുസമൂഹം വിശേഷിപ്പിച്ചു. പക്ഷെ ഇതെല്ലാം തങ്ങള്‍ക്ക് ജോലിസ്ഥലത്ത് നടന്ന ഹീനമായ കുറ്റകൃത്യങ്ങളായിരുന്നുവെന്നും രേവതി പറഞ്ഞു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകള്‍ക്കും പിന്നാലെ വലിയ വിവാദമാണ് മലയാള സിനിമയില്‍ ഉടലെടുത്തിരിക്കുന്നത്. താരസംഘടനയായ എഎംഎംഎ എക്സിക്യൂട്ടീവിലെ മുഴുവന്‍ അംഗങ്ങളും രാജിവെച്ചു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങളില്‍ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്‍ശം ഏറ്റെടുത്താണ് നിലവിലെ ഭരണസമിതി പിരിച്ചുവിട്ടത്. വിമര്‍ശനങ്ങളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തുകൊണ്ടാണ് മോഹന്‍ലാലിന്റെ രാജി.