നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രം 'റോക്കറ്ററി ദി നമ്പി എഫക്‌ട്' ജൂലൈ ഒന്നിന് തിയേറ്ററുകളിൽ

 

നമ്പി നാരായണന്റെ ജീവിതകഥ പ്രമേയമാകുന്ന സിനിമ ‘റോക്കറ്ററി ദി നമ്പി എഫക്‌ട്’ ജൂലൈ ഒന്നിന് തിയേറ്ററുകളിലെത്തും. നമ്പി നാരായണന്റെ ജീവിതത്തിലെ ദുരന്തം മാത്രം പറയുന്ന സിനിമയല്ല ഇതെന്ന് സംവിധായകൻ കൂടിയായ മാധവന്‍ കൊച്ചിയില്‍ പറഞ്ഞു. നമ്പി നാരായണന്റെ വിവിധ പ്രായത്തിലുളള കഥാപാത്രമായി എത്തുന്നതും മാധവന്‍ തന്നെയാണ്.

ഐഎസ്ആര്‍ഒ മുന്‍ ശാസ്‌ത്രജ്‌ഞന്‍ നമ്പി നാരായണന്റെ 27 വയസ് മുതല്‍ 70 വയസ് വരെയുളള ജീവിതകാലഘട്ടമാണ് ‘റോക്കറ്ററി ദ നമ്പി എഫക്‌ട്’. മാധവൻ സംവിധാനത്തിന് പുറമെ ചിത്രത്തിന്റെ നിർമാണത്തിലും പങ്കാളിയാണ്. 100 കോടി മുതല്‍ മുടക്കില്‍ ചിത്രീകരിച്ച സിനിമയുടെ മറ്റൊരു നിര്‍മാതാവ് ഡോ. വര്‍ഗീസ് മൂലനാണ്.

മലയാളത്തിന് പുറമേ, തമിഴ്, ഹിന്ദി, ഇംഗ്‌ളീഷ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ പന്ത്രണ്ടോളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ ഷാരൂഖ് ഖാന്‍ നിര്‍ണായക വേഷത്തിലെത്തുമ്പോള്‍ തമിഴില്‍ സൂര്യയും എത്തുന്നു. ചിത്രം ജൂലൈ ഒന്നിന് തിയേറ്ററുകളിലെത്തും.