അനുപം ഖേറിന്റെ 528ാം ചിത്രം ; സന്തോഷവാർത്ത പങ്കുവെച്ച് നടൻ

 

വംശിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രവി തേജയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് ടൈഗർ നാഗേശ്വര റാവു. ചിത്രത്തിൽ ഇതിഹാസ നടൻ അനുപം ഖേറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടന്റെ 528-ാമത്തെ ചിത്രമാണിത്. സോഷ്യൽ മീഡിയയിൽ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

ടൈഗർ നാഗേശ്വര റാവുവിന്റെ നിർമ്മാതാവ് അഭിഷേക് അഗർവാൾ നിർമ്മിച്ച ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ ദ കശ്മീർ ഫയൽസിലും അനുപം ഖേറായിരുന്നു മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. അദ്ദേഹം വരുന്നതോടെ സിനിമയുടെ കാസ്റ്റിങ് നിലവാരം ഉയരുകയും ഹിന്ദി പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിക്കുകയും ചെയ്യും.

അഭിഷേക് അഗർവാൾ ആർട്‌സിന്റെ നിർമ്മാതാവ് അഭിഷേക് അഗർവാളിന്റെ ബിഗ് ബജറ്റ് പ്രൊജക്ട് ആണിത്. ടൈഗർ നാഗേശ്വര റാവു എന്ന കുപ്രസിദ്ധ കള്ളന്റെ ജീവചരിത്രമാണ് പ്രമേയം. സ്റ്റുവർട്ട്പുരം എന്ന ഗ്രാമത്തിൽ എഴുപതുകളുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.

രവി തേജയുടെ ശരീരഭാഷയും സംസാരവും ഗെറ്റപ്പും എല്ലാം തികച്ചും വ്യത്യസ്തമായിരിക്കും. നൂപൂർ സനോൻ, ഗായത്രി ഭരദ്വാജ് എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുക.