50 കോടി കടക്കുമോ കളങ്കാവൽ? 

 

മമ്മൂട്ടി വില്ലൻ വേഷത്തിൽ എത്തിയ കളങ്കാവൽ എന്ന ക്രൈം ത്രില്ലർ ചിത്രം ബോക്സ് ഓഫിസിൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. രണ്ടാം ദിനത്തിലേതുപോലെ തന്നെ മൂന്നാം ദിനവും ചിത്രത്തിന്‍റെ കലക്ഷനിൽ വർധനവ് ഉണ്ടായി എന്നാണ് റിപ്പോർട്ട്. ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രം മൂന്നാം ദിവസം ആറ് കോടി രൂപ നേടിയെന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ദിവസം അഞ്ച് കോടിയും രണ്ടാം ദിനമായ ശനിയാഴ്ച 5.5 കോടിയും കളങ്കാവൽ നേടി. ലോകമെമ്പാടുമായി ആദ്യ മൂന്ന് ദിവസങ്ങളിൽ ചിത്രം 44 കോടി രൂപയിലധികം കലക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്.

വിനായകനാണ് ചിത്രത്തിലെ നായകനെന്നും താൻ പ്രതിനായകന്റെ വേഷമാണ് അവതരിപ്പിക്കുന്നത് എന്നും മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. സമീപ വർഷങ്ങളിൽ താൻ തെരഞ്ഞെടുത്ത ഏറ്റവും അസാധാരണമായ വേഷങ്ങളിൽ ഒന്നാണ് കളങ്കാവലിലേത് എന്ന് അദ്ദേഹം പറഞ്ഞു. പ്രേക്ഷകർക്ക് ഇഷ്ടപ്പെടാൻ പ്രയാസമുള്ള വിധത്തിലാണ് ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ സൃഷ്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജിബിൻ ഗോപിനാഥ്, ഗായത്രി അരുൺ, ശ്രുതി രാമചന്ദ്രൻ, രജിഷ വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.ചിത്രത്തിൽ എസ്.ഐ. ജയകൃഷ്ണനായി വിനായകനും സ്റ്റാൻലി ദാസായി മമ്മൂട്ടിയും അഭിനയിക്കുന്നു. 2000ത്തിന്‍റെ തുടക്കത്തിൽ കേരളത്തിൽ നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം.

ആദ്യം നവംബർ 27ന് തിയറ്ററിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു. ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ആണ്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു.

റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുൽഖർ നായകനായെത്തിയ കുറുപ്പിന്‍റെ കഥ ഒരുക്കിയതും ജിതിൻ.കെ.ജോസാണ്.