ക്ഷേത്ര ദർശന വേളയിൽ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ ; ഈ തെറ്റുകൾ ചെയ്യരുത്
ക്ഷേത്രദർശനം ഒരു ആരാധനാചടങ്ങ് മാത്രമല്ല, ആത്മീയമായ ഒരു അനുഭവം കൂടിയാണെന്നാണ് വിശ്വാസം. ദർശനവേളയിൽ ഭക്തന്റെ ഉള്ളിലെ ചൈതന്യവും ക്ഷേത്രത്തിലെ ദൈവിക ചൈതന്യവും തമ്മിൽ ഐക്യം പ്രാപിക്കുന്നതിലൂടെ മനസ്സിന് ശാന്തിയും ആത്മവിശ്വാസവും ലഭിക്കുമെന്നാണ് വിശ്വാസികൾ കരുതുന്നത്.
ക്ഷേത്രദർശനം ഒരു ആരാധനാചടങ്ങ് മാത്രമല്ല, ആത്മീയമായ ഒരു അനുഭവം കൂടിയാണെന്നാണ് വിശ്വാസം. ദർശനവേളയിൽ ഭക്തന്റെ ഉള്ളിലെ ചൈതന്യവും ക്ഷേത്രത്തിലെ ദൈവിക ചൈതന്യവും തമ്മിൽ ഐക്യം പ്രാപിക്കുന്നതിലൂടെ മനസ്സിന് ശാന്തിയും ആത്മവിശ്വാസവും ലഭിക്കുമെന്നാണ് വിശ്വാസികൾ കരുതുന്നത്. ഇത്തരത്തിൽ ദൈവിക ചൈതന്യവുമായി താദാത്മ്യം പ്രാപിക്കുമ്പോൾ, പ്രത്യേകമായി പ്രാർഥിച്ചില്ലെങ്കിലും മനസ്സിലെ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് പരമ്പരാഗത വിശ്വാസം. അതുകൊണ്ടുതന്നെ ക്ഷേത്രദർശനത്തിന് ശേഷം ഉടൻ കുളിക്കരുതെന്നാണ് ആചാരം. ദർശനത്തിലൂടെ ലഭിച്ച ദൈവിക ചൈതന്യവും ആത്മീയ അനുഭവവും ശരീരത്തിൽ കുറച്ചുസമയം നിലനിൽക്കണമെന്നാണ് ഈ വിശ്വാസത്തിന് പിന്നിലെ ആശയം.
ദർശനവേളയിൽ ഭഗവൽ നാമങ്ങൾ ജപിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അതിവേഗ ഫലം ലഭിക്കും, പ്രത്യേകിച്ച് ശ്രീകോവിലിനു മുന്നിൽ നിന്ന് ജപിക്കുമ്പോൾ. അതിൽ പ്രധാനം മന്ത്രങ്ങൾ നീട്ടി ജപിക്കുക എന്നതാണ്. ഉദാഹരണമായി ഓം നമഃശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം ജപിക്കുന്നത് ഓം നമഃശിവാ.....യ എന്ന് നീട്ടി ജപിക്കുക. പൂർണ ഭക്തിയോടെയും വിശ്വാസത്തോടെയും നീട്ടി ജപിച്ചാൽ ഫലം ഉറപ്പാണ്.
ഈറനോടെ ക്ഷേത്രദർശനം നടത്തുന്നത് പെട്ടെന്നുള്ള ഫലസിദ്ധിക്കു കാരണമാകും. ഈറനോടെ സാധ്യമല്ലെങ്കിൽ ദർശനത്തിനു മുന്നേ ക്ഷേത്രക്കുളത്തിലോ മറ്റോ കൈകാലുകൾ കഴുകി ആ നനവോടെ ദർശനം നടത്തുന്നത് ഉത്തമമാണ്. കൂടാതെ അൽപം തല താഴ്ത്തിപ്പിടിച്ചു, നട്ടെല്ല് വളച്ചു കുനിഞ്ഞു വേണം ഭഗവാനെ തൊഴാൻ. ഞാൻ എന്ന ഭാവം ഇല്ലാതെ ഭഗവാൻ അല്ലേൽ ഭഗവതിയാണ് എല്ലാം എന്ന സങ്കൽപ്പമാണ് ഇതിനു പിന്നിൽ.
കാണിക്കയായി ഓരോ ദേവനും പ്രധാനമായ ഫലങ്ങൾ സമർപ്പിക്കുന്നതും ഉത്തമമാണ്. ഉദാഹരണമായി ദേവീ ക്ഷേത്രത്തിൽ നാരങ്ങ, അയ്യപ്പന് നീരാഞ്ജനത്തിനായി നാളികേരം എന്നിങ്ങനെ സമർപ്പിക്കുന്നത് വേഗം ഫലം നൽകും എന്നാണ് വിശ്വാസം. രാവിലെ 6നും 7നും ഇടയിലായി ക്ഷേത്ര ദർശനം നടത്തുന്നതാണ് ഉത്തമം. ദർശനശേഷം ക്ഷേത്രത്തിൽ അൽപനേരം ഇരിക്കണം എന്നാണ് ചിട്ട. സന്ധ്യയ്ക്കു ക്ഷേത്രദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുന്നതും അതിവേഗ ഫലം നൽകും.
ജീവിതത്തിൽ പെട്ടെന്ന് പ്രതിസന്ധിയുണ്ടാകുമ്പോൾ സന്ധ്യയ്ക്ക് അയ്യപ്പക്ഷേത്രത്തിൽ നീരാഞ്ജനം നടത്തിയാൽ ഉടൻ പരിഹാരം ലഭിക്കും എന്നാണ് പറയപ്പെടുന്നത്. വർഷത്തിലൊരിക്കൽ പക്കപ്പിറന്നാൾ ദിനത്തിൽ ദേവീ ക്ഷേത്രദർശനം നടത്തി ഭഗവതി സേവ വഴിപാടായി സമർപ്പിച്ചു കണ്ടു തൊഴുന്നതു ഉത്തമമാണ്. മാസത്തിലൊരിക്കൽ ഗണപതിഹോമം, ശിവ ക്ഷേത്രത്തിൽ പൗർണമി തോറും രാവിലെ നെയ് വിളക്ക്, വൈകുന്നേരം എണ്ണ, കൂവളമാല എന്നിവ സമർപ്പിക്കുന്നതും ജീവിത ദുരിതങ്ങൾ അകലാൻ ഉത്തമമാണ്.