തൃക്കാക്കരയപ്പൻ ആരുടെ പ്രതീകം

 


മാവേലിയെ വരവേല്ക്കാന്‍ അത്തം മുതല്‍ പൂക്കളമിടുന്നവര്‍ ഉത്രാടം വരെ പൂക്കളമൊരുക്കി തിരുവോണത്തിന് പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ വെച്ച് പൂജിക്കുകയാണ് ചടങ്ങ്. നാക്കിലയിട്ട് അതിനു മുകളില്‍ പീഠം വച്ച് അരിമാവ് കൊണ്ട് കോലം വരച്ച് പൂക്കളത്തില്‍ തൃക്കാക്കര അപ്പനെ വക്കും. മാതേവരെ വെക്കുക എന്നും പറയാറുണ്ട്. മാവേലി തൃക്കാക്കരയപ്പന്‍, ശിവന്‍ എന്നീ സങ്കല്പങ്ങളില്‍ മൂന്ന് മാതേവരെയാണ് മിക്കവാറും എല്ലായിടങ്ങളിലും വെക്കാറുള്ളത്. തൃക്കാക്കരയപ്പന്‍ മാവേലിയാണെന്നും വാമനനാണെന്നും ചില തര്‍ക്കമുണ്ട്.

എന്നാല്‍ തൃക്കാക്കര ക്ഷേത്രത്തിലെ ഐതിഹ്യ പ്രകാരം മാതേവര്‍ മഹാവിഷ്ണുവെന്ന സങ്കല്പം തന്നെയാണ്. തൃക്കാക്കരയില്‍ മഹോദയപുരം പെരുമാക്കള്‍ കര്‍ക്കിടകത്തിലെ തിരുവോണം മുതല്‍ ചിങ്ങത്തിലെ തിരുവോണം വരെ ഓണാഘോഷം നടത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. ചേര സാമ്രാജ്യത്തിലെ 56 നാട്ടുരാജാക്കന്മാരും സാമന്തന്‍മാരും പ്രഭുക്കളുമെല്ലാം പെരുമാളുടെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവത്രെ. ഒരിക്കല്‍ ഇതിന് ഭംഗം വന്നപ്പോള്‍, തൃക്കാക്കരയെത്താത്തവര്‍ വീട്ടില്‍ തന്നെ ഓണം ആഘോഷിക്കണമെന്ന് പെരുമാളുടെ കല്പന ഉണ്ടായത്രെ. ഇതേ തുടര്‍ന്നാണ് വീടുകളില്‍ തിരുവോണ ദിവസം തൃക്കാക്കരയപ്പന്റെ മണ്‍ വിഗ്രഹം പൂജിക്കാന്‍ തുടങ്ങിയതെന്നാണ് ഐതിഹ്യം. എന്നാല്‍ മാതേവരെ വെക്കുന്നതില്‍ പലയിടത്തും പല കണക്കാണ് കണ്ടിട്ടുള്ളത്.

ഉത്രാടം മുതല്‍ തൃക്കാക്കരയപ്പനെയും തിരുവോണത്തിന് മഹാബലിയെയും വെക്കുന്നവരുണ്ട്. ബലിക്കൊപ്പം മുത്തശ്ശി അമ്മ, കുട്ടി പട്ടര്‍, അമ്മി, ആട്ടുകല്ല്, അരകല്ല്, ഉരല്‍ തുടങ്ങിയ മണ്‍ശില്പങ്ങളും വയ്ക്കുന്ന ചടങ്ങുണ്ട്. വള്ളുവ നാട്ടില്‍ അത്തം മുതല്‍ മാതേവരെ വെക്കുന്നവരുമുണ്ട്. ചിലയിടങ്ങളില്‍ 7 മാതേവരെ വെക്കാറുണ്ട്. മലബാറില്‍ വീട്ടു പടിക്കലും മാതേവരെ വെക്കാറുണ്ട്. 'തൃക്കാക്കരയപ്പോ, പടിക്കലും വായോ, ഞാനിട്ട പൂക്കളം കാണാനും വായോ', എന്ന് വിളിച്ച് പറഞ്ഞ് ഇതോടൊപ്പം ആര്‍പ്പ് വിളിക്കാറുണ്ട്. തുമ്പപ്പൂക്കുടം കൊണ്ട് പൂമൂടല്‍ നടത്തി തൃക്കാക്കരയപ്പന് അട നിവേദ്യം തിരുവോണത്തിന് നേദിക്കും. മദ്ധ്യ കേരളത്തില്‍ അമ്പും വില്ലും കൊണ്ട് ഈ അടയില്‍ അമ്പെയ്യുന്ന ചടങ്ങുമുണ്ട്.

ഓണത്തപ്പനെ വരവേല്ക്കാന്‍ അരിമാവ് കോലം വീടിന്റെ മറ്റ് സ്ഥലങ്ങളില്‍ കൂടി വരക്കുന്നവരുമുണ്ട്. വെക്കുന്ന എണ്ണത്തിലും ആകൃതിയിലുമൊക്കെ വ്യത്യാസങ്ങളുണ്ടായാലും തിരുവോണത്തിന് തൃക്കാക്കരയപ്പനെ വരവേറ്റ് പൂജിക്കുകയെന്ന സങ്കല്പം കേരളത്തിലെല്ലായിടത്തും ഒന്നു തന്നെ. അഞ്ചാം ഓണം വരെ പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ വെക്കുന്നതാണ് പൊതുവായ ആചാരം.