പെരുമാളിന്റെ കോപം ശമിപ്പിക്കാൻ ഇളനീർ സമർപ്പിക്കുമെന്ന് വിശ്വാസം;  കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ ഇളനീർവെപ്പും ഇളനീരാട്ടവും 

കൊട്ടിയൂർ മഹാദേവക്ഷേത്രത്തിലെ വൈശാഖ മഹോൽസവത്തിലെ പ്രധാന ചടങ്ങുകളാണ് ഇളനീർവെപ്പും ഇളനീരാട്ടവും. കോപിഷ്ടനായ പെരുമാളിന്റെ കോപം തണുപ്പിക്കാൻ ഇളനീർ സമർപ്പിക്കുന്നതിനായി ഇളനീർ കാവുകൾ എഴുന്നള്ളിക്കുന്നതാണ് ഇളനീർവരവ്. കോട്ടയം നാട്ടുരാജ്യത്തിലെ തീയ്യ സമുദായാംഗങ്ങൾക്കു മാത്രമാണ് ഇളനീർവെപ്പിന് പാരമ്പര്യാവകാശമുള്ളത്. 

 

 കൊട്ടിയൂർ മഹാദേവക്ഷേത്രത്തിലെ വൈശാഖ മഹോൽസവത്തിലെ പ്രധാന ചടങ്ങുകളാണ് ഇളനീർവെപ്പും ഇളനീരാട്ടവും. കോപിഷ്ടനായ പെരുമാളിന്റെ കോപം തണുപ്പിക്കാൻ ഇളനീർ സമർപ്പിക്കുന്നതിനായി ഇളനീർ കാവുകൾ എഴുന്നള്ളിക്കുന്നതാണ് ഇളനീർവരവ്. കോട്ടയം നാട്ടുരാജ്യത്തിലെ തീയ്യ സമുദായാംഗങ്ങൾക്കു മാത്രമാണ് ഇളനീർവെപ്പിന് പാരമ്പര്യാവകാശമുള്ളത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി വിവിധ പ്രദേശങ്ങളിലുള്ള നൂറ്റിഇരുപത്തി ഒന്നോളം ഇളനീർ മഠങ്ങളിൽ നിന്നാണ് കൊട്ടിയൂരിലേക്ക് ഇളനീർക്കാവുകൾ വരുന്നത്. ഇളനീർക്കാർ മേടത്തിലെ വിശാഖം നാൾമുതൽ (പ്രക്കുഴം ചടങ്ങ് ദിവസം) വ്രതമെടുക്കുന്നു. നെയ്യാട്ടം നാൾ മുതൽ വ്രതക്കാർ സംഘംചേർന്ന് ഇളനീർ മഠങ്ങളിൽ പ്രവേശിക്കുന്നു. എടവമാസത്തിലെ തിരുവോണം നാളിൽ ഇളനീർ സംഘം ഏരുവട്ടിക്കാവിൽ നിന്നും പുറപ്പെടുന്നു. ഭൂതഗണനാഥനായ വീരഭദ്രനെ യാഗ പൂർത്തീകരണത്തിനായും ശിവകോപം തണുപ്പിക്കുന്നതിനുമായി ശിവപുത്രനായ എരുവട്ടിക്കാവ് ദേവൻ അയക്കുന്ന മനുഷ്യങ്ങളാണ് ഇളനീർ വ്രതക്കാർ എന്നാണ് സങ്കൽപ്പം. നെയ്യാട്ടത്തിൻ്റെ പിറ്റേന്നാൾ രാവിലെ 'മുക്കിച്ചെന' എന്ന കർമ്മം തുടങ്ങുന്നതോടു കൂടി കഠിനവ്രതം തന്നെ അനുഷ്ഠിക്കുന്നു. വ്രതക്കാർ പാദരക്ഷകൾ വർജ്ജിച്ചും സ്വയം പാചകം ചെയ്തും സ്നാനം, ജപം, ദീപാരാധന എന്നീ ആചാരക്രമങ്ങൾ പാലിച്ചും മഠങ്ങളിൽ തന്നെ കഴിയും. ഇളനീർ മഠങ്ങൾക്ക് 'കഞ്ഞിപ്പുര', 'പടി' എന്നും പറയുന്നു. വളരെ പണ്ടുകാലത്തേ ഇളനീർക്കാവുകൾ കൊണ്ടുവരുന്നതിന് പാരമ്പര്യാവകാശികളുണ്ട്. 

എരുവെട്ടിത്തണ്ടാൻ, ആയിരത്തിത്തണ്ടാൻ, മുടിശ്ശേരിത്തണ്ടാൻ, മേക്കിലേരിത്തണ്ടാൻ, കുറ്റിയിൽത്തണ്ടാൻ, കോവിലയത്ത്തണ്ടാൻ, തെയ്യൻതണ്ടാൻ, കുറ്റിയാടിത്തണ്ടാൻ, കാവിലയത്തൂര് തണ്ടാൻ, എന്നിവരാണ് ഈ അവകാശികൾ. ഇതിൽ എരുവെട്ടിത്തണ്ടയാൻ പ്രഥമ സ്ഥാനം അർഹിക്കുന്നു. ഏറ്റവുമൊടുവിൽ ഇളനീരും എണ്ണയും സമർപ്പിക്കുന്നത് എരുവെട്ടിത്തണ്ടയാനാണ്. ഓലമടൽത്തുണ്ടിൻ്റെ ഇരുഭാഗങ്ങളിലും മുമ്മൂന്ന് ഇളനീരുകൾ വീതം കൂട്ടിക്കെട്ടി തൂക്കിയതാണ് 'ഇളനീർ കാവ്'. കാൽനടയായി യാത്ര ചെയ്താണ് ഇളനീർ സംഘം കൊട്ടിയൂരിലേക്ക് എത്തുക. ഇളനീർക്കാരുടെ കയ്യിൽ ചൂരൽ, പടിത്തിരിക്ക എന്നിവയുണ്ടാകും. ഇരിക്കുന്നതിനു വേണ്ടി ഓലകൊണ്ടു മെടഞ്ഞുണ്ടാക്കുന്നതാണ് പടിത്തിരിക്ക. ഒരാൾക്ക് ചമ്രം പടിഞ്ഞിരിക്കാനുള്ള വിസ്‌താരമേ ഇതിനുണ്ടാകൂ. അരയിൽ വെളുത്ത മുണ്ടും, ഉത്തരീയവുമാണ് വ്രതക്കാരുടെ വേഷം. ഞൊറി വെച്ച പ്രത്യേക തരത്തിലുള്ള പാളത്തൊപ്പി തലയിലിടും. 

പാളകൊണ്ടു തുന്നിയുണ്ടാക്കിയ സഞ്ചി തോളിലിട്ടും കാണിക്കയും മറ്റും ഇതിലാണ് സൂക്ഷിക്കുന്നത്. പാളകൊണ്ടുണ്ടാക്കിയ ഈഞ്ചിക്ക് പാഞ്ചി പോഞ്ചി' (പാള സഞ്ചി-പോള സഞ്ചി) എന്നിങ്ങനെ പറയും. പഴമക്കാരായ വ്രതക്കാർ നീളൻ കാലുള്ള ഓലക്കുടയും കയ്യിലെടുക്കും. വ്രതക്കാരുടെ കൂടെ കുടുംബാംഗങ്ങളും അനുഗമിക്കാറുണ്ട്. ഓംകാരം മുഴക്കിയും ഹരിഗോവിന്ദനാമം ചൊല്ലിയും തന്നാരം പാട്ടുകൾ പാടിയും പലദേശങ്ങളിൽ നിന്നായി കാലാകാലങ്ങളായി ഇളനീർക്കാർ കൊട്ടിയൂരിലെത്തുന്നു.
കൊട്ടിയൂരിലെത്തുന്ന ഇളനീർ വ്രതക്കാർ സന്ധ്യയോടെ കിഴക്കേനടയിൽ ചന്ദ്രശേഖരൻ മാക്കൂലിൽ (മാവിൻ്റെ കീഴിൽ) തമ്പടിക്കുന്നു. അവർ ഇളനീർവെയ്പിനായി മുഹൂർത്തം കാത്തുനിൽക്കും. രാത്രിയിലെ പന്തീരടി പൂജകഴിഞ്ഞാൽ കിഴക്കേനടയിൽ ഭണ്ഡാരത്തിനടുത്ത് കുടിപതിമാരിലെ കാരണവർ വെള്ളിക്കിടാരം സ്ഥാപിക്കും. ശ്രീഭൂതബലി കഴിയുന്നതോടെ തിരുവ ഞ്ചിറയിൽ കിഴക്കേനടയിലെ നിർദ്ദിഷ്ടസ്ഥാനത്ത് കാര്യത്ത് കൈക്കോളൻ തട്ടും പോളയും വെക്കും. 

ഈ ചടങ്ങ് കഴിയുന്ന നിമിഷം മുതൽ കിഴക്കേനടയിൽ നിന്നും വ്രതക്കാർ കുതിച്ചുപാഞ്ഞ് തിരുവഞ്ചിറയിൽ എത്തി തട്ടുമ്പോളയെ വലംവെച്ച് ഇളനീർകാവുകൾ സമർപ്പിച്ച് വെള്ളിക്കിടാരത്തിൽ കാണിക്കയർപ്പിച്ച് പടവുകൾ കയറും. കിഴക്കേനടയിലെ കൽപ്പടവുകളിൽ ഒറ്റക്കാലിൽ നിലയുറപ്പിച്ചിരിക്കുന്ന വീരഭദ്രനെ വണങ്ങി കാണിക്ക അർപ്പിച്ച് അനുഗ്രഹം വാങ്ങി മടങ്ങിപ്പോകുന്നു. വ്രതക്കാരെല്ലാം ഇളനീർ സമർപ്പിച്ചു കഴിഞ്ഞാൽ എരുവട്ടിതണ്ടയാൻ പരിവാരസമേതം പടിഞ്ഞാറേ നടവഴി സന്നിധാനത്തിലെത്തി തൃക്കൈകുട സമർപ്പിക്കുന്നു. ഇതോടെ ഇളനീർ വെയ്പ്പ് ചടങ്ങ് പൂർത്തിയാവുന്നു. ഇളനീർവെപ്പ് കഴിഞ്ഞ്  പിറ്റേന്ന് രാവിലെ കൈക്കൊളന്റെ നേതൃത്വത്തിൽ കൈക്കോളൻമ്മാർ ഇളനീരുകൾ കാവുകളിൽ നിന്ന് വേർപ്പെടുത്തി ചെത്തിയൊരുക്കി മുഖമണ്ഡപത്തിൽ സമർപ്പിക്കുന്നു. കത്തിതണ്ടയാന്മാർ സമർപ്പിച്ച കത്തികൾ ഉപയോഗിച്ചാണ് ഇളനീർ ചെത്തിയൊരുക്കുക. അന്നേ ദിവസം രാത്രി ദൈവത്തിന്റെ വരവ് എന്ന സവിശേഷ ചടങ്ങും നടക്കും. 'പുറങ്കലയൻ' എന്ന സ്ഥാനീകൻ മുത്തപ്പൻ ദൈവകോലം ധരിച്ച് എഴുന്നള്ളുന്ന ചടങ്ങാണിത്. അതിവേഗത്തിൽ ഓടിയെത്തുന്ന ദൈവം സന്നിധാനത്ത് എത്തി അരിയും കളഭവും സ്വീകരിച്ച് മടങ്ങും.

   അനുമതി നൽകി ദൈവം മടങ്ങിയാൽ ഇളനീരാട്ടം ആരംഭിക്കും. പാലക്കുന്നം നമ്പൂതിരി രാശി വിളിക്കുന്നതോടെയാണ് ഇളനീരാട്ടം ആരംഭിക്കുക. അദ്ദേഹം മൂന്ന് ഇളനീരുകൾ കൊത്തി ഉഷകാമ്പ്രം നമ്പൂതിരിയെ ഏൽപ്പിക്കുകയും ആ ഇളനീർതീർത്ഥം മന്ത്രം ചൊല്ലി സ്വയംഭൂ ശിലയിൽ അഭിഷേകം നടത്തുകയും ചെയ്യുന്നു.തുടർന്ന് പാരികർമ്മികളായ ബ്രാഹ്മണർ ഇളനീരുകൾ കൊത്തി വെള്ളിക്കുടങ്ങളിലാക്കുന്നു. പിന്നീടത് സ്വർണക്കൂടത്തിലേക്ക് പകർന്ന് ഇടമുറിയാതെ അഭിഷേകം ചെയ്യുന്നു. വാദ്യമേളങ്ങളുടെ ഘോഷവും  ഭക്തരുടെ നാമ സങ്കീർത്തനാരവങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ പെരുമാളിനു നടത്തുന്ന ഈ അഭിഷേകം കാണേണ്ട കാഴ്ച തന്നെയാണ്.