തൃച്ചംബരത്തപ്പന്റെ അത്യാശ്രമി; കൃഷ്ണ ശാപത്തെ പേറുന്ന ഇലഞ്ഞിമരം  

ക്ഷേത്രവുമായി ബന്ധപ്പെട്ട് അധികമാരും അറിയാത്ത പഴക്കമുള്ളൊരു കഥയുണ്ട്. അത്യാശ്രമിയും തൃച്ഛംബരത്തപ്പന്റെയും ആറ് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു കഥ. 

 

 പുണ്യ പുരാതനമാണ്  തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം. ജ്യേഷ്ഠൻ ബാലരാമനും വൃന്ദാവനത്തിലെ ഗോപാലകരോടുമൊപ്പം  ശ്രീകൃഷ്ണൻ നടത്തിയ ബാലലീലകൾ ആണ് ഇവിടത്തെ ഉത്സവത്തിന്റെ  ഇതിവൃത്തം. ക്ഷേത്രവുമായി ബന്ധപ്പെട്ട് അധികമാരും അറിയാത്ത പഴക്കമുള്ളൊരു കഥയുണ്ട്. അത്യാശ്രമിയും തൃച്ഛംബരത്തപ്പന്റെയും ആറ് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു കഥ. 

ഇന്നത്തെ മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് ആലങ്ങോട് ചെറുമുക്ക് മനയിലെ ഒരു നമ്പൂതിരി സന്തതികളില്ലാത്ത ദുഖത്തോടെ കൊല്ലൂരിൽ മൂകാംബികയ്ക്ക് മുന്നിൽ ഭജനമിരിക്കാൻ ചെന്നു. സൽസന്താനത്തിന്  വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രാർത്ഥന ഫലം കണ്ടു. അദ്ദേഹത്തിന് ഒരു പുത്രൻ ജനിച്ചു. വളർന്ന് വന്നപ്പോൾ അതിബുദ്ധിമാനായ അദ്ദേഹത്തിന് സകലരിലും ഈശ്വരനെ ദർശിക്കുന്ന വിധം മഹത്വം കൈവരികയുണ്ടായി. അന്നത്തെ സാമൂഹിക കെട്ടുപാടുകളിലൊതുങ്ങാതെ ജാതിഭേദങ്ങളില്ലാതെ സകലരേയും ഏകരായിക്കണ്ട മഹാനുഭാവനായിത്തീർന്നു അദ്ദേഹം. കീഴ്ജാതിയിൽ പെട്ട ഒരു പെൺകുട്ടിയ സംബന്ധം ചെയ്ത അദ്ദേഹത്തെ ജാത്യഭിമാനികളായ അന്നത്തെ സമൂഹം ഭ്രഷ്ട് കൽപ്പിച്ച് പുറത്ത് നിർത്തിയത്രേ. പിന്നീട് ദേശാന്തര ഗമനത്തിനിറങ്ങിയ അദ്ദേഹം കൊല്ലൂരിലെ മൂകാംബിക സന്നിധിയിൽ ചെന്ന് പാർത്തു. അവിടെ നിന്ന് ഒരു നാൾ ഒരു സന്യാസി സംഘത്തോടൊപ്പം ശൃംഗേരിയിലെത്തിയതോടെയാണ് അദ്ദേഹത്തിന്റെ ജീവിത ക്രമത്തിന് ഒരു പുതിയ തുടക്കമാകുന്നത്. 

ബുദ്ധന് ഗയ എങ്ങിനെയാണോ അങ്ങിനെയായിരുന്നുവത്രേ ശൃംഗേരി ചെറുമുക്ക് മനയിലെ ആ യുവാവിന്. ശൃംഗേരിയിൽ കൃഷ്ണാനന്ദ മുനിയെന്ന ഒരു മഹാതാപസന്റ ശിഷ്യനായതാണ് അദ്ദേഹത്തിന് വഴിത്തിരിവാകുന്നത്. കൃഷ്ണാനന്ദമുനിയിൽ നിന്ന് സന്യാസം സ്വീകരിച്ച അദ്ദേഹം രാഘവാനന്ദൻ എന്ന ദീക്ഷാ നാമത്തിലറിയപ്പെട്ടു. പിന്നീട് അദ്ദേഹം തൃച്ചംബരത്ത് ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് എത്തി. ഇവിടെ അദ്ദേഹം അറിയപ്പെട്ടത് അത്യാശ്രമി എന്ന പേരിലായിരുന്നു. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം എന്നിവ കഴിഞ്ഞ് സന്യാസാവസ്ഥ യുടെ ഉത്തുംഗതയിൽ എത്തിയവരെയാണ് "അത്യാശ്രമി" എന്നു പറയുന്നത്
കാഷായവും സന്ന്യാസ ചിഹ്നങ്ങളുമെല്ലാം ഉപേക്ഷിച്ച് സന്യാസത്തിന്റെ കെട്ടുപാട് പോലുമില്ലാത്ത ശുദ്ധ ജ്ഞാനമാണ് അത്യാശ്രമിയുടെ പ്രത്യേകത. കേവലം ഒരു കൃഷ്ണ ഭക്തൻ മാത്രമായിരുന്നില്ല അത്യാശ്രമി എന്നത്. സന്യാസത്തേക്കാൾ ഉന്നതമായ ഒരു തലമാണ് അത്. തീർച്ചയായും ആ തലം ആർജ്ജിച്ച നിരവധി അത്യാശ്രമിമാർ ഉണ്ടായിരിക്കാം. 

ശൃംഗേരിയിൽ വച്ച് കൃഷ്ണാനന്ദ മുനിയിൽ നിന്ന് സന്യാസം സ്വീകരിച്ച ഇദ്ദേഹം പിന്നീട് ഒരു അത്യാശ്രമിയിയായിത്തീർന്നു എന്നും തൃച്ചംബത്ത് നിത്യവാസിയായിത്തീർന്നു എന്നുമാണ് കേൾവി. ശ്രീമദ് ഭാഗവതത്തിന് എഴുതപ്പെട്ട ഏറ്റവും മികച്ച വ്യാഖ്യാനങ്ങളിൽ ഒന്നായ "കൃഷ്ണപദി" എന്ന വ്യാഖ്യാനം എഴുതിയ മഹാത്മാവാണ് രാഘവാനന്ദ മുനി. അദ്ദേഹം ഈ കൃതിയെഴുതിയത് തൃച്ചംബരം പരിസരത്ത് വച്ചാണത്രേ. ക്ഷേത്രത്തിന് മുന്നിലെ ഇലഞ്ഞിത്തറയിലിരുന്ന് അദ്ദേഹം ഇതെഴുതുമ്പോൾ കേൾവ്വിക്കാരനായി തൃച്ചംബരത്തപ്പൻ തന്നെ നേരിട്ട് വരുമത്രേ. തൃച്ചംബരത്തപ്പന്റെ അത്യാശ്രമി, അത്യാശ്രമിയുടെ തൃച്ചംബരത്തപ്പൻ.ഭക്തിയുടെയും ഭക്താനുകമ്പയുടെയും ഉദാത്ത തലങ്ങളാണ് അത്യാശ്രമിയുടെ പിന്നീടുള്ള കഥകൾ നമ്മെ കൊണ്ടെത്തിക്കുന്നത്. തൃച്ചംബരത്തപ്പന് മുന്നിലെ കായ്ക്കാത്ത ഇലഞ്ഞിമരത്തിന്റെ ഐതിഹ്യ കഥ കൂടിയാണ് ഇരുവരുടേയും ആത്മബന്ധത്തിന്റെ കഥകൾ.കൃഷ്ണ ഭക്തി കൊണ്ട് ലോകർക്ക് ആരാധ്യനായ വില്വമംഗലം സ്വാമിയാർ കൂടി കഥാപാത്രമായ ഒരു കഥയാണത്. ഒരു നാൾ തൃച്ചംബരത്തെത്തിയ വില്വമംഗലം സ്വാമിയാർ ക്ഷേത്രത്തിനകത്ത് ഭഗവാനെ കാണാതെ അമ്പരന്ന് പോയത്രേ. പുറത്തിറങ്ങി നോക്കിയ സ്വാമിയാർ കണ്ടത് ഇലഞ്ഞിമരച്ചോട്ടിൽ കുഷ്ഠരോഗം ബാധിച്ച് ശരീരമാസകലം വ്രണം വന്ന് പഴുത്ത് പുഴുവരിക്കുന്ന നിലയിൽ മരണാസന്നനായി കിടക്കുന്ന അത്യാശ്രമിക്കരികിൽ അദ്ദേഹത്തെ ശുശ്രൂഷിച്ച് കഴിയുന്ന തൃച്ചംബരത്തപ്പനെയാണത്രേ. കൃഷ്ണനെ കലത്തിലടച്ചു വച്ച കുറൂരമ്മയുടെ കഥ നമുക്ക് സുപരിചിതമാണ്. ആലിൻ  കൊമ്പിൽ മഞ്ചുളയെയെന്ന പെൺകുട്ടി ചാർത്തിയ മാല കഴുത്തിലണിഞ്ഞ ഗുരുവായൂരപ്പന്റെ കഥയും നമുക്കറിയാം. അതു മാത്രമല്ല പൂന്താനത്തിന്റെ, മേൽപ്പത്തൂരിന്റെ അങ്ങിനെ കൃഷ്ണഭക്തിയുടെ ഉദാത്ത തലങ്ങൾ വിവരിക്കുന്ന എത്രയെത്ര കഥകൾ നമ്മൾ കേട്ടിരിക്കുന്നു. എന്നാൽ കൃഷ്ണൻ ഒരു ഭക്തന്റെ രോഗശുശ്രൂഷകനായ  ആയി വന്ന കഥ അത്യാശ്രമിയുമായി ബന്ധപ്പെട്ടാണ്. അദ്ദേഹത്തിന്റെ ശരീരത്തിലെ വ്രണങ്ങളിൽ വീഴുന്ന ഇലഞ്ഞി കായ്കൾ മൂലം ആദ്ദേഹം വേദന കൊണ്ട് പുളയുന്നത് കണ്ട തൃച്ചംബരത്തപ്പൻ ഇലഞ്ഞിമരത്തെ ഇനി കായ്കളില്ലാതായിപ്പോകട്ടെയെന്ന് ശപിച്ചുവത്രേ. ഇന്നും ക്ഷേത്ര മുറ്റത്ത് ഉള്ള കായ്ക്കാത്ത ഇലഞ്ഞിമരം ഈ കഥയ്ക്ക് തെളിവായിട്ടാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പൂർവ്വകാലത്ത് ഉണ്ടായിരുന്ന ഇലഞ്ഞിമരം നശിച്ചപ്പോൾ  പകരം അതേ സ്ഥാനത്ത് കുറച്ച് കൊല്ലം മുമ്പ് വച്ച ഇലഞ്ഞിമരമാണ് ഇന്ന് അവിടെ  വളർന്ന് പന്തലിച്ച് കാണുന്നത്. എന്നാൽ പുതിയ ഇലഞ്ഞിയും പഴയ കൃഷ്ണ ശാപത്തെ പേറുന്നുവെന്നത് ആ കഥയെ ഊട്ടിയുറപ്പിക്കുന്നു.അത്യാശ്രമി സമാധിയായപ്പോൾ അദ്ദേഹത്തെ സമാധിയിരുത്തിയത് ക്ഷേത്രത്തിൽ നിന്ന് ഏതാണ്ട് ഇരുന്നൂറോളം മീറ്റർ അകലെയാണ്.  

പെരുഞ്ചെല്ലൂരിലെ മറ്റൊരു മഹായോഗിയായിരുന്ന കോക്കുന്നത്ത് ശിവാങ്ങൾ ആയിരുന്നുവത്രേ അന്ന് അദ്ദേഹത്തെ സമാധിയിരുത്തയത്. സമാധിയിരുത്തിയ സ്ഥലമാണ് കുഞ്ഞരയാൽ തറ. തൃഛംബരം ഉത്സവ ദിവസങ്ങളിൽ ബലരാമ - കൃഷ്ണന്മാർ ഈ തറയിൽ കയറി നൃത്ത പ്രദക്ഷിണം ചെയ്ത് ഭക്തൻ്റെ നിത്യ സ്മരണ ഓർമ്മിപ്പിക്കുന്നു.എല്ലാ ദിവസവും രാവിലെ തൃഛംബരത്തപ്പന് നിവേദിക്കാനുള്ള പാല് "പാലമൃതൻ " എഴുന്നള്ളിക്കുന്നത് ഈ കുഞ്ഞരയാൽ തറയിൽ നിന്നാണ്.ഉത്സവ കാലങ്ങളിൽ ക്ഷേത്രത്തിൽ നിന്ന് പൂക്കോത്ത് നടയിലേക്ക് ബ്രാഹ്മ മുഹൂർത്തത്തിൽ എഴുന്നള്ളുന്നതിനിടയിൽ ഈ അരയാൽ തറയുടെ മുകളിൽ കയറി മൂന്നു പ്രദക്ഷിണത്തോടു കൂടി നൃത്തച്ചുവടുകൾ വെച്ചാണ് പൂക്കോത്ത് നടയിലേക്ക് എഴുന്നള്ളുന്നത്. തനിക്കേറ്റവും  പ്രിയപ്പെട്ട, തന്നെ ഒരു രോഗശുശ്രൂഷകൻ പോലുമാക്കിയ അത്യാശ്രമിയെ എങ്ങിനെയാണ് തൃച്ചംബരത്തപ്പന് മറക്കാനാവുക. തൃഛംബരം ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായുള്ള നാടുവലം വെക്കൽ ചടങ്ങ് നടക്കുന്ന വഴികളിൽ പത്തോളം അരയാൽ വൃക്ഷങ്ങളും ഏഴോളം പാല വൃക്ഷങ്ങളും സംരക്ഷിക്കപ്പെട്ടു വരുന്നുണ്ട് എന്നത് എടുത്തു പറയേണ്ട ഒന്നാണ്.