തളിപ്പറമ്പ മാനേങ്കാവ് കളിയാട്ട മഹോത്സവത്തിന് 18 ന് തുടക്കമാകും
പൂക്കോത്ത് തെരുവിലെ മാനേങ്കാവ് കളിയാട്ട മഹോത്സവത്തിന് ഏപ്രിൽ 18 ന് തുടക്കമാകും. നാല് ദിവസങ്ങളിലായി (ഏപ്രിൽ 18 മുതൽ 21 വരെ) വിവിധ ആചാരങ്ങളുടെയും കലാപരിപാടികളുടെയും നിറവിൽ മഹോത്സവം ആഘോഷിക്കും.
തളിപ്പറമ്പ : പൂക്കോത്ത് തെരുവിലെ മാനേങ്കാവ് കളിയാട്ട മഹോത്സവത്തിന് ഏപ്രിൽ 18 ന് തുടക്കമാകും. നാല് ദിവസങ്ങളിലായി (ഏപ്രിൽ 18 മുതൽ 21 വരെ) വിവിധ ആചാരങ്ങളുടെയും കലാപരിപാടികളുടെയും നിറവിൽ മഹോത്സവം ആഘോഷിക്കും.
ഏപ്രിൽ 18 ശനിയാഴ്ച രാവിലെ 10 മണിക്ക് പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും മാനേങ്കാവിലേക്ക് തിരുവായുധം എഴുന്നള്ളത്തോടെയാണ് മഹോത്സവത്തിന് തുടക്കമാവുകയെന്ന് തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു. വൈകുന്നേരം 4.30 മുതൽ തോറ്റങ്ങൾ ആരംഭിക്കും. 6 മണി മുതൽ ദൈവക്കോലങ്ങൾ കെട്ടിയാടും. രാത്രി 8.30 ന് പൂക്കോത്ത് തെരുവിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന ആട്ടം ഉൾപ്പെടെയുള്ള കലാപരിപാടികൾ നടക്കും. രാത്രി 11 മണി മുതൽ ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, ഭഗവതിമാരുടെ പുറപ്പാടും ഉണ്ടാകും.
19 ന് ഞായറാഴ്ച വൈകുന്നേരം 6 മണിമുതൽ തോറ്റങ്ങൾ, രാത്രി 8 മണിക്ക് കലാപരിപാടികൾ - ആവേശം, 11 മണിക്ക് ദൈവക്കോലങ്ങൾ എന്നിവയും 20 ന് ഉച്ചക്ക് 2 മണിക്ക് ഇളനീരാട്ടം, തുടർന്ന് പടയോട്ടം. മാനേങ്കാവിൽ നിന്നും പുറപ്പെട്ട് മൺപറമ്പ് , തൃച്ചംബരം
കുട്ടിമാവ്, പെട്രോൾ പമ്പ് , പൂക്കോത്ത് കൊട്ടാരം വഴി മാനേങ്കാവിൽ സമാപനം. രാത്രി 8 മണി മുതൽ ഊർപ്പഴശി, വേട്ടയ്ക്കൊരു മകൻ,വിഷ്ണുമൂർത്തി , കുണ്ടോറ ചാമുണ്ഡി, ഗുളികൻ തെയ്യങ്ങളുടെ തോറ്റങ്ങൾ, രാത്രി 11 മണിക്ക് പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും വർണ്ണശബളമായ കാഴ്ച വരവും ഉണ്ടായിരിക്കും.
21ന് രാവിലെ 5 മണി മുതൽ പുള്ളി കുറത്തി, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, വിഷ്ണുമൂർത്തി , കുണ്ടോറചമുണ്ഡി, തൊരക്കാരത്തി ദൈവക്കോലങ്ങൾ. ഉച്ചക്ക് 11 മണിക്ക് അരിയിൽ കുളങ്ങര, മാനേങ്കാവ് ഭഗവതിമാരുടെ പുറപ്പാട് തുടർന്ന് കലശം എതിരേല്പ് .12 മണി മുതൽ 2 മണി വരെ ഭക്തർക്കായി അന്നദാനം ഉണ്ടാകും. വൈകുന്നേരം 4 മണിക്ക് മാനേങ്കാവിൽ നിന്ന് പൂക്കോത്ത് കൊട്ടാരത്തിലേക്ക് തിരുവായുധം തിരിച്ചെഴുന്നള്ളത്തോടെയാണ് മഹോത്സവം സമാപിക്കുക. പൂക്കോത്ത് കൊട്ടാരത്തിൻ്റെ ഉപ ക്ഷേത്രമാണ് മാനേങ്കാവ്.
പാരമ്പര്യവും വിശ്വാസവും ചേർന്ന ക്ഷേത്രമാണ് 'ശ്രീ പൂക്കോത്ത് കൊട്ടാരം'. കേരളത്തിലെ 64 ഗ്രാമങ്ങളിൽ പ്രശസ്തമായ പെരിഞ്ചെല്ലൂർ ഗ്രാമപരിസരത്തിലുള്ള ഈ ക്ഷേത്രം, കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം പോലെത്തന്നെ വിശ്വാസികൾക്ക് ഏറെ പ്രാധാന്യമുള്ള ആരാധനാകേന്ദ്രമാണ്.
തൃച്ചംബരത്തപ്പന്റെ ഭക്തനായിരുന്ന പൂക്കോത്ത് നമ്പിടി എന്ന മഹാ ബ്രാഹ്മണൻ ദാനം നൽകിയതാണ് ശ്രീ പൂക്കോത്തുകൊട്ടാരവും അതിനു ചുറ്റു മുള്ള സ്ഥലവുമെന്നാണ് ഐതിഹ്യം. ക്രമേണ ഈ സ്ഥലത്തു ശാലിയരുടെ 'രു' വളർന്നുവന്നു. അതിന് "പൂക്കോത്തു തെരു” എന്നു പേരുണ്ടായി.
ശ്രീ പൂക്കോത്ത് കൊട്ടാരത്തിൽ രാജരാജേശ്വരൻ, കോലസ്വരൂപത്തിങ്കൽ തായ്പരദേവത, വനദുർഗ്ഗ, അന്തിമഹാകാളൻ, ശ്രീ കുരുംബ ഭഗവതി, കണ്ഠകർണൻ, ദണ്ഡൻ, നാഗരാജാവ്, വേട്ടക്കൊരുമകൻ, സോമേശ്വരി, ആരാധിക്കുന്നു.
നാഗകന്യക, ഊർപ്പഴശ്ശി, ചുഴലി ഭഗവതി എന്നീ ദൈവങ്ങളെ ഉപ ആരാധനാകേന്ദ്രമായ ശ്രീ മാനേങ്കാവിൽ, മാനേങ്കാവിൽ ഭഗവതി, അരിയിൽകുളങ്ങര ഭഗവതി, ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ, വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ഡി, താരക്കാരത്തി പുള്ളിക്കുറത്തി, ഗുളികൻ എന്നീ ദൈവങ്ങളെ തെയ്യക്കോലമായി കെട്ടിയാടിക്കുന്നു. എല്ലാവർഷവും മേടമാസം നാലു മുതൽ ഏഴ് വരെയാണ് തെയ്യക്കോലങ്ങളെ കെട്ടിയാടാറുള്ളത്.
ഉപക്ഷേത്രങ്ങളായ കാനത്ത് ശിവക്ഷേത്രത്തിലെ ഉത്സവവും മുണ്ടക്കാവിൽ പന്ത്രണ്ടു വർഷത്തി ലൊരിക്കൽ 'ഒറ്റക്കോലം' അഗ്നിപ്രവേശം ചെയ്ത് വിഷ്ണുമൂർത്തി യായി മാറുന്ന അനുഷ്ഠാനവും നടത്താറുണ്ട്. ധനുമാസത്തിലെ ആയില്യം, ശിവരാത്രി, വിഷു, ദേവിയുടെ ജന്മനക്ഷത്രമായ വൃശ്ചികമാസ ത്തിലെ കാർത്തിക, മീനമാസത്തിലെ പൂരം, നവരാത്രി എന്നിവ ആഘോഷപൂർവ്വം ഇവിടെ കൊണ്ടാടുന്നു. ടി ബാലകൃഷ്ണൻ, എം ജനാർദനൻ, യു ശശീന്ദ്രൻ, എ പി വത്സരാജ് , പി സുമേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.