പ്രകൃതിയോടിണങ്ങുന്ന ആത്മീയതയുടെ വ്യത്യസ്തമായ അനുഭവം ; മലബാറുകാരുടെ കൺകണ്ട ദൈവം കുടികൊള്ളുന്ന കുന്നത്തൂർ പാടി
കാറ്റിനു പോലും മഞ്ഞൾക്കുറി മണമുള്ള നാളുകളാണ് വടക്കൻ കേരളത്തിൽ തുലാപ്പത് കഴിഞ്ഞാൽ കാണാൻ സാധിക്കുക .രാവും പകലും തെയ്യങ്ങളും ഉത്സവങ്ങളും ആഘോഷം തീർക്കുന്ന കാലം .
ഉത്തര കേരളത്തിന്റെ ജനകീയ ദൈവമാണ് മുത്തപ്പൻ
കാറ്റിനു പോലും മഞ്ഞൾക്കുറി മണമുള്ള നാളുകളാണ് വടക്കൻ കേരളത്തിൽ തുലാപ്പത് കഴിഞ്ഞാൽ കാണാൻ സാധിക്കുക .രാവും പകലും തെയ്യങ്ങളും ഉത്സവങ്ങളും ആഘോഷം തീർക്കുന്ന കാലം . മനുഷ്യ ശരീരത്തെ ദൈവമാക്കി മാറ്റുന്ന അദ്ഭുതക്കാഴ്ചകൾ, ആദി വ്യാധികൾ ദൈവത്തിലർപ്പിച്ച് അനുഗ്രഹം തേടുന്ന ഭക്തർ ....
ഉത്തര കേരളത്തിന്റെ ജനകീയ ദൈവമാണ് മുത്തപ്പൻ .ജാതി മത വർഗ ഭേദമന്യേ തന്നെ തേടിയെത്തുന്ന ഓരോ ഭക്തനെയും ചേർത്ത് പിടിക്കുന്നത് തന്നെയാണ് ഭക്തരുടെ കൺകണ്ട ദൈവനാക്കി മാറ്റിയതിനു പിന്നിൽ .മുത്തപ്പന്റെ ആരൂഢ സ്ഥാനമായാണ് കുന്നത്തൂര്‍പാടി അറിയപ്പെടുന്നത്.
സഹ്യപർവ്വതമല നിരകളിലെ ഉടുമ്പമലയിൽ, സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിലായാണ് കുന്നത്തൂർ പാടി സ്ഥിതിചെയ്യുന്നത്. ഇവിടെ മുത്തപ്പനായി ക്ഷേത്രം ഇല്ല. ഗോപുരവാതിൽ കഴിഞ്ഞ് മുകളിലേക്ക് പടികൾ. പടികൾ അവസാനിക്കുന്നതിന് വലതു വശത്ത് പൊടിക്കളത്ത് മടപ്പുരയുണ്ട്.പ്രകൃതിയോടിണങ്ങുന്ന ആത്മീയതയുടെ വ്യത്യസ്തമായ അനുഭവമാണ് കുന്നത്തൂരിലെത്തുന്ന ഓരോ ഭക്തനെയും കാത്തിരിക്കുന്നത് .
കാട്ടിലെ നടപ്പാത കടന്നാല്‍ എത്തുന്നത് ദേവസ്ഥാനത്താണ്. വന്‍മരങ്ങള്‍ക്കിടയില്‍ പുല്ലും ഓലയും ഓടയും കൊണ്ട് നിര്‍മിച്ച ഒരു താത്കാലിക മടപ്പുര. ഒരു ഗുഹാക്ഷേത്രത്തിന്റെ രീതിയിലാണ് നിര്‍മാണം. സ്ഥിരം കെട്ടിടങ്ങളോ മറ്റ് സംവിധാനങ്ങളോ ഇവിടെയില്ല. പ്രകൃതിദത്തമായാണ് ഇവിടെ ഉൽസവ്വം നടക്കുന്നത്. ഓലയും പുല്ലും ഈറയും കൊണ്ട് നിർമിച്ച ഗുഹ പോലെയുള്ള മടപ്പുരയും കരക്കാർക്ക് വേണ്ടി തിരുമുറ്റത്തിന്റെ വശങ്ങളിലുള്ള ചെറിയ പന്തലുകളും മാത്രമാണ് കാണാൻ സാധിക്കുന്നത്
പ്രകൃതിയോടിണങ്ങിയ ആചാരങ്ങളും നിര്‍മാണങ്ങളും മാത്രമാണ് ഉത്സവകാലത്ത് ഇവിടെയുള്ളത്. തിരുമുറ്റത്ത് മണ്ണുകൊണ്ട് നിര്‍മിച്ച പീഠം കാണാം. മുത്തപ്പന്റെ ഇരിപ്പിടമാണത്. മറ്റ് മുത്തപ്പന്‍ മടപ്പുരകളില്‍ തടികൊണ്ടുള്ള പീഠങ്ങളാണ് ഉണ്ടാവാറുള്ളത്. തിരുമുറ്റത്തെ ചടങ്ങുകള്‍ക്ക് ഓടകൊണ്ടുള്ള ചൂട്ട് കത്തിച്ചാണ് വെളിച്ചം നല്‍കുന്നത്. ദേവസ്ഥാനത്തിന് കുറച്ചകലെ കാട്ടിലുള്ള കുഴിയില്‍നിന്നുള്ള വെള്ളം കൊണ്ടുവന്നാണ് പൂജകള്‍ക്കും മറ്റും ഉപയോഗിക്കുന്നത്..
ഏരുവേശ്ശി പാടിക്കുറ്റി ഇല്ലത്തുനിന്ന് ഇറങ്ങിയശേഷം മുത്തപ്പന്‍ തന്റെ കൗമാരവും യുവത്വവും ചെലവഴിച്ചത് കുന്നത്തൂര്‍മലമുകളിലെ വനാന്തരത്തിലാണെന്നാണ് ഐതിഹ്യം.
ഊട്ടും വെള്ളാട്ടം അവസാനിക്കുന്നതോടെ ദേവസ്ഥാനത്ത് തിരുവപ്പന കെട്ടിയാടാനുള്ള ഒരുക്കങ്ങളാണ്. മുത്തപ്പന് പ്രധാനമായി സമര്‍പ്പിക്കുന്ന നിവേദ്യം പനങ്കള്ളാണ്. ഭക്തര്‍ കൊണ്ടുവരുന്ന കള്ള് തിരുമുറ്റത്ത് വെച്ച ഒരു കലത്തിലാണ് ഒഴിച്ചുവെക്കുന്നത്.
തിരുവപ്പനയുടെ പ്രധാന ചടങ്ങ് പള്ളിവേട്ടയാണ്. നായാട്ടിനെ ഓര്‍മിപ്പിക്കുന്ന ചടങ്ങാണിത്.തിരുവപ്പന കെട്ടിയാടിക്കൊണ്ടിരിക്കെ എനിക്ക് മാതാവിനെ കാണണം എന്ന് പറഞ്ഞാല്‍ മൂലംപെറ്റ ഭഗവതിയെ കെട്ടിയാടിക്കുകയായി. മുത്തപ്പന്റെ മാതൃസ്ഥാനമാണ് മൂലംപെറ്റ ഭഗവതിക്ക്. മുളയും നാരും കൊണ്ട് ഗോപുരാകൃതിയില്‍ കെട്ടിയുണ്ടാക്കിയ തിരുമുടിക്ക് മലവാഴയില മാത്രമാണ് അലങ്കാരം. പയ്യാവൂരിലെ വണ്ണാന്‍ സമുദായക്കാരാണ് ഇത് കെട്ടിയാടുന്നത്.ഉത്സവം തുടങ്ങുന്നത് ധനുമാസം 2-നു ആണ്. ഉത്സവം മകരം 2-ന് അവസാനിക്കുന്നു.