മഞ്ഞുമലകളിലെ ശിവക്ഷേത്രം ശൈത്യകാല വിശ്രമത്തിലേക്ക്; തുംഗനാഥിൽ നടയടച്ചു
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ തുംഗനാഥ് ക്ഷേത്രം ശൈത്യകാലത്തേക്ക് അടച്ചു. നവംബർ ആറിന് വേദമന്ത്രങ്ങളും പരമ്പരാഗത പൂജകളും നിറഞ്ഞ ചടങ്ങുകളോടെയാണ് ക്ഷേത്രനട അടച്ചത്.
Nov 9, 2026, 15:15 IST
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രങ്ങളിലൊന്നായി അറിയപ്പെടുന്ന ഉത്തരാഖണ്ഡിലെ തുംഗനാഥ് ക്ഷേത്രം ശൈത്യകാലത്തേക്ക് അടച്ചു. നവംബർ ആറിന് വേദമന്ത്രങ്ങളും പരമ്പരാഗത പൂജകളും നിറഞ്ഞ ചടങ്ങുകളോടെയാണ് ക്ഷേത്രനട അടച്ചത്.
സമുദ്രനിരപ്പിൽനിന്ന് 3,680 മീറ്റർ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പഞ്ചകേദാർ ക്ഷേത്രങ്ങളിൽ മൂന്നാമത്തേതായ തുംഗനാഥിൽ ഈ തീർഥാടന സീസണിൽ 1,97,424 പേർ ദർശനം നടത്തിയെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്.
ക്ഷേത്രത്തിലെ പൂജകൾ ഇനി ശൈത്യകാലത്തേക്ക് മകുമഠിലെ മാർകണ്ഡേശ്വർ ക്ഷേത്രത്തിൽ തുടരും. മഞ്ഞുവീഴ്ച ശക്തമാകുന്നതോടെ ഉയർന്ന പ്രദേശത്തെ ക്ഷേത്രത്തിലേക്കുള്ള യാത്ര ദുഷ്കരമാകുന്നതിനാലാണ് ഈ പരമ്പരാഗത ക്രമീകരണം.