ശരണം വിളിയുടെ നിറവിൽ മുപ്പത് വർഷം ; സന്നിധാനത്ത് ഭക്തർക്ക് തണലായി എം. കെ ഹരിപ്രസാദ്

 പമ്പയും നീലിമലയും താണ്ടി, കല്ലും മുള്ളും ചവിട്ടി പതിനെട്ടാം പടി കയറിയെത്തുന്ന അയ്യപ്പഭക്തർക്ക് മുന്നിൽ കാക്കിയണിഞ്ഞ ഒരു പരിചിതമുഖമുണ്ട്. അസിസ്റ്റന്റ് കമൻണ്ടാന്റ് എം.കെ. ഹരിപ്രസാദ്. മുപ്പത് വർഷത്തിൽ ഏറെ ആയി അദ്ദേഹം ശബരിമല സന്നിധാനത്തും പമ്പയിലും നിലക്കലും ആയി ഡ്യൂട്ടി ചെയ്തിട്ടുണ്ട്.

 

 പമ്പയും നീലിമലയും താണ്ടി, കല്ലും മുള്ളും ചവിട്ടി പതിനെട്ടാം പടി കയറിയെത്തുന്ന അയ്യപ്പഭക്തർക്ക് മുന്നിൽ കാക്കിയണിഞ്ഞ ഒരു പരിചിതമുഖമുണ്ട്. അസിസ്റ്റന്റ് കമൻണ്ടാന്റ് എം.കെ. ഹരിപ്രസാദ്. മുപ്പത് വർഷത്തിൽ ഏറെ ആയി അദ്ദേഹം ശബരിമല സന്നിധാനത്തും പമ്പയിലും നിലക്കലും ആയി ഡ്യൂട്ടി ചെയ്തിട്ടുണ്ട്.

കണ്ണൂർ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ അസിസ്റ്റൻ്റ് കമാൻഡൻ്റായ ഹരിപ്രസാദ്, മണ്ഡലകാല മഹോത്സവം തുടങ്ങിയതു മുതൽ ശ്രീകോവിലിനു മുന്നിൽ തീർത്ഥാടകർക്ക് സുഖദർശനം ഒരുക്കുന്ന പൊലീസ് സംഘത്തെ നയിക്കുന്നു. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിൽ പതിനെട്ടാം പടി, സോപാനം,മാളികപ്പുറം മരക്കൂട്ടം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലാണ് ഏറ്റവുമധികം കാലം അദ്ദേഹം ചെലവഴിച്ചത്. കേരള പോലീസ് ആരംഭിച്ച വെർച്വൽ ക്യൂ  വിലെ ആദ്യ ഓഫീസർ മാരിൽ ഒരാളായും   പ്രവർത്തിച്ചു.

മലയിറങ്ങിയാലും ഹരിപ്രസാദിൻ്റെ സേവനം അവസാനിക്കുന്നില്ല. കാസർകോട് മുതൽ തിരുവനന്തപുരം വരെയും  ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും 640 തിൽ കൂടുതൽ സ്ഥലങ്ങളിൽ അദ്ദേഹം സൈബർ സുരക്ഷാ ബോധവൽക്കരണം നൽകിയിട്ടുണ്ട്. സൈബർ വിഷയങ്ങളിൽ പെട്ട് കടുത്ത മാനസിക സംഘർഷത്തിൽ ആത്മഹത്യയുടെ വക്കിലെത്തിയ 428 കുട്ടികളെ കൗൺസിലിംഗിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും കഴിഞ്ഞതായി അദ്ദേഹം പറയുന്നു.

രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെയും സംസ്ഥാന പൊലീസ് മേധാവിയുടെയും പുരസ്കാരങ്ങൾ എന്നിവ അദ്ദേഹത്തെ തേടിയെത്തി. ആ അംഗീകാരങ്ങളെല്ലാം യൂണിഫോമിൽ അണിഞ്ഞ്, വ്രതശുദ്ധിയുടെ നിറവിലാണ് ഈ പൊലീസ് സ്വാമി സോപാനത്ത് ഭക്തർക്ക് തുണയാകുന്നത്.

കാനനപാത താണ്ടി ശബരീശനെ കാണാനെത്തുന്ന ഭക്തർ സുഖദർശനം കഴിഞ്ഞ് മടങ്ങുമ്പോഴുള്ള സന്തോഷമാണ് തൻ്റെ ഏറ്റവും വലിയ നിറവെന്ന് ഹരിപ്രസാദ് പറയുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീർത്ഥാടകരുടെ സുഗമമായ യാത്രയ്ക്കും സുരക്ഷയ്ക്കും ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന പൊലീസ് സേനയ്ക്ക് ഒരു മാതൃകയാണ് അദ്ദേഹം.

രാവിലെ 3:00 മണിക്ക് തിരുനട തുറക്കുന്നത് മുതൽ രാത്രി 11ന് ഹരിവരാസനം പാടി തിരുനട അടക്കുന്നത് വരെ ശരണം വിളികൾക്ക് കാതോർത്ത് സോപാനത്തിന് അരികിൽ ഹരിപ്രസാദ് ഉണ്ടാകും.
ഈ ബാച്ചിൻ്റെ ഡ്യൂട്ടി കഴിഞ്ഞാലും മകരവിളക്കിന് ഒരിക്കൽ കൂടി സന്നിധാനത്ത് സേവനത്തിനെത്തണം, അതാണ് ഹരിപ്രസാദിൻ്റെ ആഗ്രഹം.

കണ്ണൂർ അഞ്ചരക്കണ്ടി മുരിങ്ങേരിയിലെ കെ.ഗോവിന്ദൻ്റേയും എം.കെ. സുബ്ബലക്ഷ്മിയുടേയും മകനാണ്.
2021ലും 2024 ലും സംസ്ഥാന പൊലീസ് ചീഫ് കം ഡിജിപിയുടെ കമൻ്റേഷൻ ഡെസ്‌ക്, ബാഡ്ജ് ഓഫ് ഓണർ നേടിയ ഹരിപ്രസാദ് കടുത്ത ജീവിത ദുരിതങ്ങൾക്കിടയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയാണ് പൊലീസ് സേനയിൽ 1993 മാർച്ച്‌ 15 ന് പ്രവേശിച്ചത്.തുടർന്നും പഠനം തുടരുകയും ക്രിമിനോളജി ആൻഡ് പോലീസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദം നേടുകയും ചെയ്തു.സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച സൈബർ ക്വിസ് മത്സരത്തിൽ അഖിലേന്ത്യ തലത്തിൽ അഞ്ചാം സ്ഥാനവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.