മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു
പത്തനംതിട്ട:ശബരിമല നട മീന മാസ പൂജകള്‍ക്കായി തുറന്നു. വൈകിട്ട് 5ന് തന്ത്രി കണ്ടരര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു . തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകര്‍ന്നു. പതിനെട്ടാം പടി കയറി എത്തുന്ന ഭക്തര്‍ക്ക് ഫ്‌ളൈഓവര്‍ കയറാതെ നേരിട്ട് കൊടിമര ചുവട്ടില്‍ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശനം നടത്തുന്നതിന്റെ ട്രയലും ആരംഭിച്ചു.
നടതുറക്കുന്നതിന് മുന്‍പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ. എ. അജികുമാര്‍ എന്നിവര്‍ പുതിയ സംവിധാനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. മീന മാസം 1 ന് രാവിലെ 5 മണിക്ക് നട തുറക്കും. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 19 ന് രാത്രി10 മണിയ്‌ക്ക് നട അടയ്‌ക്കും.
ഫ്ലൈഓവർ വഴിയുള്ള ദർശന സംവിധാനത്തിൽ 2 മുതൽ 5 സെക്കൻഡ് വരെയാണ് ഭക്തന് ദർശനം ലഭിച്ചിരുന്നെങ്കിൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ 20 മുതൽ 30 സെക്കൻഡ് അയ്യപ്പനെ ദർശിക്കാനുള്ള സൗകര്യമുണ്ടെന്ന് ദേവസ്വം ബോർഡ് പറഞ്ഞു. പുതിയ സംവിധാനം ഒരുക്കുന്നതിനായി പുതിയ പ്ലാറ്റ്ഫോമുകളും ഭക്തരെ രണ്ടു വരിയിൽ വേർതിരിക്കുന്നതിന് ബാരിക്കേഡും ഒരുക്കിയിട്ടുണ്ട്. കൊടിമരച്ചോട്ടിൽ നിന്നും രണ്ട് വരികളിലായിട്ടാണ് അയ്യപ്പഭക്തരെ ശ്രീ കോവിലിന് മുന്നിലേക്ക് പ്രവേശിപ്പിക്കുന്നത്.