പ്രത്യക്ഷ ദൈവങ്ങളായി എലികൾ ! വിചിത്ര ആരാധനാ രീതികളുള്ള കർണിമാതാ ക്ഷേത്രം
ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ ഒരു എലി നിങ്ങളുടെ കാലിൽക്കൂടി ഓടിയാൽ എന്തു തോന്നും? വിചിത്രമല്ലേ?രാജസ്ഥാനിലെ ബിക്കനീറിന് അടുത്ത് കർണിമാതാ ക്ഷേത്രത്തിൽവച്ചാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ നിങ്ങൾക്ക് ദേവിയുടെ അനുഗ്രഹം ലഭിച്ചിരിക്കുന്നു എന്നാണ് അർഥം.ർണിമാതാ ദേവിയുടെ ഏറ്റവും പ്രിയപ്പെട്ടവരായി കണക്കാക്കുന്ന എലികൾ ഈ ക്ഷേത്രത്തിലെ പ്രത്യക്ഷ ദൈവങ്ങളാണ്. രാജസ്ഥാന്റെ പല ഭാഗത്തുനിന്നുമുള്ള വിശ്വാസികളം ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള സഞ്ചാരികളുമായി ഒട്ടേറെ ആളുകൾ ദിവസവും എത്തുന്നു.
ദുർഗാദേവിയുടെ ഭക്തരുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് കർണിമാതാ ക്ഷേത്രം, ഇന്ത്യ- പാക് വിഭജനത്തിന് ശേഷം 51 ശക്തിപീഠങ്ങളിൽ ഒന്നായ ഹിംഗ്‌ലാജ് മാതാ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയതോടെയാണ് കർണിമാതാ ക്ഷേത്രം ഭക്തർക്കിടയിൽ പ്രാധാന്യം നേടിയത്. 1387ൽ ഒരു ചരൺ കുടുംബത്തിൽ ജനിച്ച കർണിമാതാതാ ഋഗ്ഭായി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ദേപാജി ചരൺ എന്നയാളിനെ വിവാഹം കഴിച്ചെങ്കിലും ലൗകീക ജീവിതത്തിൽ നിരാശയായ കർമിമാതാ സഹോദരിയായ ഗുലാബിനെ ഭർത്താവിനെ വിവാഹം കഴിച്ച് നൽകിയ ശേഷം ആത്മീയ വഴിയിലേക്ക് തിരിഞ്ഞു. 151 വർഷത്തോളം അവർ ജീവിച്ചിരുന്നതായാണ് വിശ്വസിക്കപ്പെടുന്നത് .നാട്ടുകാരാട് കാരുണ്യപൂർവം പെരുമാറിയിരുന്ന അവരെ ക്രമേണ കർണിമാതാ എന്ന് വിളിക്കാൻ തുടങ്ങി. കർണിമാതായുടെ മരണശേഷം ഭക്തർ അവരുടെ വിഗ്രഹം സ്ഥാപിച്ച് ആരാധിക്കുകയായിരുന്നു. ഇത് പിന്നീട് ആരാധനാലയമായി മാറി.
ക്ഷേത്രത്തെയും അവിടുത്തെ എലികളെയും പറ്റി നിരവധി ഐതിഹ്യങ്ങളാണ് നിലനിൽക്കുന്നത്. ദേവിയുടെ കുടുംബാംഗങ്ങളാണ് ഈ എലികൾ എന്നാണ് വിശ്വസിക്കപ്പെടുന്നത്. എലികളെ പൂജിക്കാനും ഭക്ഷണം നൽകാനുമായി ലോകമെമ്പാടുമുള്ള തീർത്ഥാടകർ ഇവിടെ എത്താറുണ്ട്. വെളുത്തനിറമുള്ള എലിയെ കാണുന്നത് ശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. ഈ എലിയെ കാണാൻ ഭാഗ്യം ലഭിച്ചവരെ ദൈവം അനുഗ്രഹിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
ബിക്കനീറിൽ നിന്നു 30 കിമീ അകലെ ദെശ്നോക്കിലാണ് എലികളുടെ ക്ഷേത്രം എന്നു പ്രസിദ്ധമായ കർണിമാതാ ക്ഷേത്രം. മരുഭൂമിക്കു നടുവിലൂടെ ഉദ്ദേശം 45 മിനിറ്റ് യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം. ഏപ്രിൽ 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദർശനം നടത്തിയതോടെ കർണിമാതാ ക്ഷേത്രം വീണ്ടും വാർത്തകളിൽ ഇടം നേടി. പഹൽഗാം ഭീകരാക്രമണം നടന്ന് ഒരു മാസം തികയുന്ന അവസരത്തിലാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയത്.