അയോധ്യ ശ്രീരാമക്ഷേത്രത്തിൽ രാമരക്ഷയന്ത്ര പ്രതിഷ്ഠ ഇന്ന് ; രാഷ്ട്രപതിയും മാതാ അമൃതാനന്ദമയി ദേവിയും ഉത്തരപ്രദേശ് ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും

അയോധ്യശ്രീരാമക്ഷേത്രത്തിലെ രാമരക്ഷയന്ത്ര പ്രതിഷ്ഠ ഇന്ന് (19) നടക്കും. ചൈത്ര നവരാത്രിയുടെയും ഹിന്ദു പുതുവർഷത്തിൻറെയും തുടക്കം കുറിക്കുന്ന പ്രത്യേക മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ കർമ്മം.

 

 അയോധ്യ:  അയോധ്യശ്രീരാമക്ഷേത്രത്തിലെ രാമരക്ഷയന്ത്ര പ്രതിഷ്ഠ ഇന്ന് (19) നടക്കും. ചൈത്ര നവരാത്രിയുടെയും ഹിന്ദു പുതുവർഷത്തിൻറെയും തുടക്കം കുറിക്കുന്ന പ്രത്യേക മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ കർമ്മം. രാഷ്ട്രപതി ദ്രൌപതി മുർമ്മു, സദ് ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവി,  ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എന്നിവർ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. പ്രതിഷ്ഠാ കർമ്മത്തിന് മുന്നോടിയായി രാവിലെ 9 മണിയ്ക് വൈദിക  ചടങ്ങുകൾ ആരംഭിക്കും 11ന് രാഷ്ട്രപതി ക്ഷേത്ര സമുച്ഛയത്തിൽ പ്രവേശിക്കും. തുടർന്നാണ് പ്രതിഷഠാ ചടങ്ങുകൾ നടക്കുക. 

കാശിയിലെ പ്രശസ്ത ആചാര്യനായ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിൻറെ നേതൃത്വത്തിൽ 51 വൈദിക ആചാര്യന്മാരാണ് പ്രതിഷ്ഠാ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കുന്നത്.  കർണാടകയിലെ ധർമ്മസ്ഥല ക്ഷേത്രത്തിൻറെ ധർമ്മാധികാരി വീരേന്ദ്ര ഹെഗ്‌ഡെ, ആർ.എസ്.എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാലെ തുടങ്ങിയവരും ചടങ്ങിൽ വിശിഷ്ഠാതിഥികളായി പങ്കെടുക്കും. ശ്രീരാമ ക്ഷേത്രം നിർമ്മിച്ച 400 നിർമ്മാണ തൊഴിലാളികളെ ചടങ്ങിൽ  രാഷ്ട്രപതി നേരിട്ട് ആദരിക്കും. സെൻട്രൽ സംസ്‌കൃത സർവകലാശാല സമ്മാനിച്ച 400 വർഷം പഴക്കമുള്ള വാൽമീകി രാമായണത്തിന്റെ കൈയെഴുത്തുപ്രതി ക്ഷേത്ര സമുച്ചയത്തിൽ ഔദ്യോഗികമായി സ്ഥാപിക്കുകയും ചെയ്യും. 

ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിൻറെ പ്രത്യേക  ക്ഷണപ്രകാരമാണ് അമ്മ ചടങ്ങിൽ സംബന്ധിക്കുന്നത്.  രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വേദ പണ്ഡിതർ നയിക്കുന്ന പൂജാകർമ്മങ്ങൾക്കൊപ്പം, ഏഴായിരത്തിലധികം അതിവിശിഷ്ട ക്ഷണിതാക്കളും ചടങ്ങിൽ പങ്കെടുക്കും. അമൃതപുരിയിൽ നിന്നും സനാതന ധർമ്മത്തിൻറെ ഹൃദയഭൂമിമായ അയോധ്യയിലെത്തിയ അമ്മയെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ഭക്തിയാദരപൂർവ്വം ആചാരപരമായി സ്വീകരിച്ചു. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്, വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര രക്ഷാധികാരി  ദിനേഷ് ചന്ദ്ര, ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് നിർമ്മാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര, സാംസ്കാരിക ഉപദേശക സമിതി അംഗമായ യതീന്ദ്ര മിശ്ര തുടങ്ങിയവർ ചേർന്നാണ് അമ്മയെ ക്ഷേത്രത്തിലേയ്ക്ക് വരവേറ്റത്. അമ്മയോടൊപ്പം അയോധ്യയിലെത്തിയ മാതാ അമൃതാനന്ദമയി മഠത്തിലെ മുതിർന്ന സന്യാസ ശിഷ്യരും ആയിരത്തോളം വരുന്ന ആശ്രമ അന്തേവാസികളും പ്രതിഷ്ഠാ ചടങ്ങിന് സാക്ഷ്യം വഹിക്കും.