ഇനി മണിക്കൂറുകൾ ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട ; ഗുരുവായൂരിൽ സുഖദർശനത്തിനായി വെർച്വൽ ക്യൂവും ഫെയ്സ് ആപ്പും വരുന്നു
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരുടെ കാത്തിരിപ്പ് ഒഴിവാക്കാനും സുഗമമായ ദർശനം സാധ്യമാക്കാനുമായി വെർച്വൽ ക്യൂ സംവിധാനം വരുന്നു. ഭക്തർക്ക് സുഖദർശനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിച്ചാണ് ദേവസ്വം ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നതെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരുടെ കാത്തിരിപ്പ് ഒഴിവാക്കാനും സുഗമമായ ദർശനം സാധ്യമാക്കാനുമായി വെർച്വൽ ക്യൂ സംവിധാനം വരുന്നു. ഭക്തർക്ക് സുഖദർശനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം പാലിച്ചാണ് ദേവസ്വം ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നതെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദേവസ്വം പുതുതായി ആവിഷ്കരിച്ച ഫെയ്സ് ആപ്പ് സംവിധാനത്തിന്റെ ഭാഗമായാണ് വെർച്വൽ ക്യൂ ഒരുക്കുന്നത്. ഇതിനായുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. അപേക്ഷിച്ചവരിൽ നിന്ന് ഏറ്റവും മികച്ച ഏജൻസിയെ ഇതിന്റെ ചുമതല ഏൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രത്തിൽ അത്യാധുനിക ക്യൂ കോംപ്ലക്‌സ് യാഥാർത്ഥ്യമാകുന്നതു വരെയാണ് ഈ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്. നിലവിൽ ക്ഷേത്രത്തിനുള്ളിൽ ദർശനത്തിനായി ഉപയോഗിക്കുന്ന ഫ്ലൈ ഓവർ മാറ്റി, പ്രായമായവർക്കും കുട്ടികൾക്കും എളുപ്പത്തിൽ കയറാൻ സാധിക്കുന്ന പുതിയ ഫ്ലൈ ഓവർ രണ്ടാഴ്ചയ്ക്കകം സ്ഥാപിക്കും. ഭക്തരുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കുന്നതിനായി സുരക്ഷിതമായ ഡിജി ലോക്കർ സംവിധാനം ഏർപ്പെടുത്തും.
നവീകരണം പൂർത്തിയായ കൗസ്തുഭം റസ്റ്റ്ഹൗസ് അടുത്ത മാസം ഭക്തർക്കായി തുറന്നുകൊടുക്കും. ക്ഷേത്ര വികസനത്തിന് കൂടുതൽ ഭൂമി ആവശ്യമാണെന്നും എന്നാൽ ഇതിനായി ഭൂമി നഷ്ടപ്പെടുന്ന പ്രാദേശികവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ പത്തു ദിവസത്തിനുള്ളിൽ അവരുമായി നേരിട്ട് ചർച്ച നടത്തുമെന്നും ദേവസ്വം ചെയർമാൻ അറിയിച്ചു. ഭരണസമിതി അംഗങ്ങളായ സി. മനോജ്, എം.യു. ഷിനിജ, മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.