ശബരിമല സന്നിധാനത്ത് പോസ്റ്റല്‍ വകുപ്പിന്റെ 24 മണിക്കൂര്‍ 'സ്വാമി പ്രസാദം' ബുക്കിംഗ് കൗണ്ടര്‍ ആരംഭിച്ചു; ഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡ് മികച്ച സൗകര്യമൊരുക്കുമെന്ന് കെ. ജയകുമാര്‍

ശബരിമല തീര്‍ത്ഥാടന കാലത്ത് അയ്യപ്പഭക്തര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക 'സ്വാമി പ്രസാദം' ബുക്കിംഗ് കൗണ്ടറും പാഴ്‌സല്‍ സൗകര്യവും സന്നിധാനത്ത് ആരംഭിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ കൗണ്ടറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് മികച്ച ദര്‍ശനാനുഭവം ലഭ്യമാക്കുന്നതിനായി ദേവസ്വം ബോര്‍ഡ് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

സന്നിധാനം: ശബരിമല തീര്‍ത്ഥാടന കാലത്ത് അയ്യപ്പഭക്തര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക 'സ്വാമി പ്രസാദം' ബുക്കിംഗ് കൗണ്ടറും പാഴ്‌സല്‍ സൗകര്യവും സന്നിധാനത്ത് ആരംഭിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ കൗണ്ടറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് മികച്ച ദര്‍ശനാനുഭവം ലഭ്യമാക്കുന്നതിനായി ദേവസ്വം ബോര്‍ഡ് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സന്നിധാനത്ത് ദേവസ്വത്തിന്റെ അപ്പം, അരവണ കൗണ്ടറുകള്‍ക്ക് സമീപമായാണ് ഇന്ത്യാ പോസ്റ്റിന്റെ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഈ കൗണ്ടര്‍ വഴി ഭക്തര്‍ക്ക് 'സ്വാമി പ്രസാദവും' 'അരവണ പായസവും' സ്പീഡ് പോസ്റ്റ് പാഴ്സലായി രാജ്യത്തെവിടെയും അയക്കാന്‍ സാധിക്കും. പ്രസാദം ബുക്ക് ചെയ്യുന്നതിനൊപ്പം സുരക്ഷിതമായി പാക്ക് ചെയ്ത് രാജ്യത്തുടനീളം എത്തിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. ഭക്തര്‍ ദര്‍ശനം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തുമ്പോഴേക്കും പ്രസാദം വീടുകളില്‍ ലഭ്യമാകുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

സന്നിധാനത്തെ പ്രത്യേക കൗണ്ടറിന് പുറമെ, രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും 'സ്വാമി പ്രസാദം' സ്പീഡ് പോസ്റ്റ് പാഴ്സലായി ബുക്ക് ചെയ്യാവുന്നതാണ്. അരവണയുടെ വിലയും പോസ്റ്റല്‍ ചാര്‍ജും ഒരുമിച്ച് നല്‍കിയോ, അല്ലെങ്കില്‍ ഭക്തര്‍ നേരിട്ട് അരവണ വാങ്ങി നല്‍കിയാല്‍ പോസ്റ്റല്‍ ചാര്‍ജ് മാത്രം നല്‍കിയോ സ്പീഡ് പോസ്റ്റ് വഴി പ്രസാദം അയക്കാനുള്ള സൗകര്യമുണ്ട്. തീര്‍ത്ഥാടന കാലത്തെ തിരക്ക് ഒഴിവാക്കി പ്രസാദം സുരക്ഷിതമായി വീടുകളിലെത്തിക്കാന്‍ ഈ സംവിധാനം ഭക്തര്‍ക്ക് ഏറെ സഹായകരമാകും.ഉദ്ഘാടന ചടങ്ങില്‍ പോസ്റ്റല്‍ സര്‍വീസ് കേരള സര്‍ക്കിള്‍ ഡയറക്ടര്‍ എന്‍.ആര്‍. ഗിരി, സൗത്തേണ്‍ റീജിയന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.എസ്. ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.