പഞ്ചഭൂതങ്ങളുടെ വിശുദ്ധ സംഗമം: ഭക്തിയാൽ തിളച്ചു മറിയുന്ന പൊങ്കാലയുടെ ഐതിഹ്യം
തിരുവനന്തപുരത്ത് കരമനയാറിന്റെയും കിള്ളിയാറിന്റെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം ഭക്തർക്ക് ഒരു ആരാധനാലയമല്ല, മറിച്ച് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ‘ആറ്റുകാലമ്മ’യുടെ പുണ്യസങ്കേതമാണ്. കുംഭമാസത്തിലെ കാർത്തിക നാളിൽ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കുന്ന പത്തുദിവസത്തെ ഉത്സവത്തിന്റെ സമാപ്തി കുറിക്കുന്നത് വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയോടെയാണ്.
തിരുവനന്തപുരത്ത് കരമനയാറിന്റെയും കിള്ളിയാറിന്റെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം ഭക്തർക്ക് ഒരു ആരാധനാലയമല്ല, മറിച്ച് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ‘ആറ്റുകാലമ്മ’യുടെ പുണ്യസങ്കേതമാണ്. കുംഭമാസത്തിലെ കാർത്തിക നാളിൽ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കുന്ന പത്തുദിവസത്തെ ഉത്സവത്തിന്റെ സമാപ്തി കുറിക്കുന്നത് വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയോടെയാണ്.
കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ഗുണകരമായ മുഹൂർത്തത്തിലാണ് ഈ മഹോത്സവം നടക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഈ ദിനം അമ്മയുടെ കാൽചുവട്ടിലേക്ക് മനസാ എത്തുന്ന നിമിഷമാണ്. ലക്ഷക്കണക്കിന് സ്ത്രീകൾ ഒത്തുചേരുന്ന ഈ ഉത്സവം ‘സ്ത്രീകളുടെ ശബരിമല’ എന്ന പേരിൽ പ്രശസ്തമാണ്. ശ്രീ ഭദ്രകാളിയെ ഭക്തർ ഇവിടെ അന്നപൂർണ്ണേശ്വരിയായും പ്രപഞ്ചനാഥയായും ആരാധിക്കുന്നു.
ആറ്റുകാൽ പൊങ്കാലയുടെ ഐതിഹ്യം തമിഴ് ഇതിഹാസമായ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മധുര ഭരിച്ചിരുന്ന പാണ്ഡ്യരാജാവ് തന്റെ ഭർത്താവായ കോവലനെ അന്യായമായി വധിച്ചതിൽ പ്രതിഷേധിച്ച് തന്റെ പാതിവ്രത്യ ശക്തിയാൽ മധുരാനഗരം മുഴുവൻ ദഹിപ്പിച്ച കണ്ണകി, പിന്നീട് ശാന്തയായി കൊടുങ്ങല്ലൂരിലേക്ക് യാത്ര തിരിച്ചു. ഈ യാത്രയ്ക്കിടയിലാണ് ദേവി ആറ്റുകാലിൽ എത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. കിള്ളിയാറ്റിൽ നീരാടുകയായിരുന്ന മുല്ലവീട്ടിൽ തറവാട്ടിലെ ഒരു സാത്വികനായ വയോധികന് മുന്നിൽ ഒരു ബാലികാ രൂപത്തിൽ ദേവി പ്രത്യക്ഷപ്പെട്ടു.
ആറിന് അക്കരെയെത്തിക്കാൻ ആവശ്യപ്പെട്ട ബാലികയെ കാരണവർ അക്കരെയെത്തിച്ച് തന്റെ ഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയെങ്കിലും അവിടെവെച്ച് അവൾ അപ്രത്യക്ഷയായി. അന്ന് രാത്രി കാരണവർക്ക് സ്വപ്നദർശനം നൽകിയ ദേവി, താൻ ആദിപരാശക്തിയാണെന്നും തന്നെ കുടിയിരുത്തേണ്ട സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. പിറ്റേന്ന് രാവിലെ കാവിലെത്തിയ കാരണവർ ദേവി തന്റെ തൃശൂലത്താൽ അടയാളപ്പെടുത്തിയ സ്ഥലം കണ്ടെത്തുകയും അവിടെ ക്ഷേത്രം നിർമ്മിക്കുകയുമായിരുന്നു. കോപിഷ്ഠയായ ദേവിയെ ശാന്തയാക്കാൻ നാട്ടിലെ സ്ത്രീകൾ പൊങ്കാല നിവേദ്യം നൽകി സ്വീകരിച്ചതിന്റെ ഓർമ്മ പുതുക്കലാണ് പൊങ്കാല.
ശാസ്ത്രീയമായും തത്വശാസ്ത്രപരമായും പൊങ്കാലയെന്നത് പഞ്ചഭൂതങ്ങളുടെ വിശുദ്ധമായ സംഗമമാണ്. ഭൂമിയുടെ പ്രതീകമായ മൺകലവും ധാന്യമായ അരിയും, ഒപ്പം ജലവും ആകാശവും വായുവും അഗ്നിയും ഒത്തുചേരുമ്പോൾ അത് പ്രപഞ്ചത്തിന്റെ നിലനിൽപ്പിനെ സൂചിപ്പിക്കുന്നു. വിറകടുപ്പിൽ നിന്നും ഉയരുന്ന അഗ്നിയും വായുവിന്റെ സാന്നിധ്യവും ചേർന്ന് കലത്തിലെ പായസം തിളച്ചു മറിയുന്നത് ഭക്തന്റെ മനസ്സിലെ ഭക്തിയുടെയും ആനന്ദത്തിന്റെയും ബഹിർസ്ഫുരണമായാണ് കരുതിപ്പോരുന്നത്.
പഴയകാലത്ത് ഇതൊരു കാർഷിക ഉത്സവം കൂടിയായിരുന്നു. മകരക്കൊയ്ത്തിന് ശേഷം ലഭിക്കുന്ന പുത്തൻ അരി ഭഗവതിക്ക് ആദ്യമായി ഊട്ടുക എന്ന സങ്കല്പത്തിൽ നിന്നാണ് ഈ ചടങ്ങ് ഉത്ഭവിച്ചത്. ഇന്നും കേരളത്തിലെയും തമിഴ്നാട്ടിലെയും പല ഗ്രാമപ്രദേശങ്ങളിലും ഈ കാർഷിക പാരമ്പര്യം മാറ്റമില്ലാതെ തുടർന്നുപോരുന്നു. ആറ്റുകാൽ ഭഗവതിയുടെ തോറ്റം പാട്ടിൽ പാണ്ഡ്യരാജാവിനെ വധിച്ച ശേഷം ദേവി തന്റെ ഭർത്താവിന്റെ ശിരസ്സ് കൈലാസത്തിൽ സമർപ്പിക്കുന്ന ഭാഗം പാടിത്തീരുമ്പോഴാണ് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിൽ തീ പകരുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയതാണ് ആറ്റുകാൽ പൊങ്കാല. 1997-ൽ 1.5 മില്യൺ സ്ത്രീകൾ പങ്കെടുത്ത ചടങ്ങ് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ചുവെങ്കിൽ 2009-ൽ 25 ലക്ഷം പേരുടെ പങ്കാളിത്തത്തോടെ അത് പുതുക്കപ്പെട്ടു. തിരുവനന്തപുരം നഗരത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ റോഡരികുകളിലും വീട്ടുപറമ്പുകളിലും ലക്ഷക്കണക്കിന് അടുപ്പുകൾ നിരക്കും. മനം ഉരുകി പ്രാർത്ഥിക്കുന്ന മങ്കമാരുടെ മനസ്സിലെ മാതൃത്വസ്നേഹം നിറഞ്ഞുതുളുമ്പുന്ന വഴിപാടാണ് ഈ പൊങ്കാല. ഇന്ന് കേരളത്തിന് പുറമെ അമേരിക്ക, യുകെ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ മലയാളികളും തങ്ങളുടെ വീടുകളിൽ ആറ്റുകാലമ്മയെ സ്മരിച്ച് പൊങ്കാലയിടാറുണ്ട്. പൊങ്കാലയിട്ട് പ്രാർത്ഥിച്ചാൽ ആഗ്രഹസാഫല്യം ഉണ്ടാകുമെന്നും ആപത്തുകളിൽ അമ്മ തുണയായി നിൽക്കുമെന്നുമാണ് ഭക്തരുടെ ഉറച്ച വിശ്വാസം.
ഉത്സവത്തിന്റെ എട്ടാം ദിവസം കുത്തിയോട്ടം, താലപ്പൊലി തുടങ്ങിയ ചടങ്ങുകളും ഭക്തിപൂർവ്വം നടക്കുന്നു. പത്താം ദിവസം രാത്രിയിൽ നടക്കുന്ന കുരുതി തർപ്പണത്തോടെയാണ് ഉത്സവത്തിന് സമാപനമാകുന്നത്. ഇത്തവണത്തെ പൊങ്കാല ദിനത്തിൽ ചന്ദ്രഗ്രഹണം വരുന്നതിനാൽ വൈകിട്ട് 3.10 മുതൽ രാത്രി 7 വരെ നട അടയ്ക്കുമെന്നും അതിനാൽ ഉച്ചയ്ക്ക് 2.15-ഓടെ പൊങ്കാല നിവേദ്യം പൂർത്തിയാക്കി ഭക്തർക്ക് മടങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് മൺകലങ്ങളിൽ നിന്ന് ഉയരുന്ന പ്രാർത്ഥനയുടെയും ഭക്തിയുടെയും ഗന്ധം അനന്തപുരിയുടെ അന്തരീക്ഷത്തെ ആനന്ദമയമാക്കുന്നു.