പയ്യന്നൂർ കോറോം മുച്ചിലോട്ട് ഭഗവതിയുടെ കോലമണിയാന്‍ ഭാഗ്യം ലഭിച്ചത് കാങ്കോലൻ മനു നേണിക്കത്തിന്

 

പയ്യന്നൂർ : കോറോം മുച്ചിലോട്ട് ഭഗവതിയുടെ കോലമണിയാന്‍ ഭാഗ്യം ലഭിച്ചത് കാങ്കോലൻ മനു  നേണിക്കത്തിന്. ഭഗവതിയുടെ കോലക്കാരനാരനാവാനുള്ള രണ്ടാമൂഴമാണ് മനു നേണിക്കത്തിന് ലഭിച്ചത്.

കഴിഞ്ഞ തവണ കോറോം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൻ പെരുങ്കളിയാട്ടത്തിന് ഭഗവതിയുടെ കോലധാരിയാവാനുള്ള ഭാഗ്യം മനു നേണിക്കത്തിനായിരുന്നു. രണ്ട് പെരുങ്കളിയാട്ടത്തിനും തുടർച്ചയായി മുച്ചിലോട്ട് ഭഗവതിയുടെ കോലധാരിയാവാനുള്ള ഭാഗ്യം സിദ്ധിച്ച തെയ്യം കലാകാരനാണ് കാങ്കോലൻ മനു  നേണിക്കം. മനോഹരൻ നേണിക്കം എന്നാണ് പേരെങ്കിലും തെയ്യപ്രേമികൾക്കിടയിൽ മനു നേണിക്കം എന്ന ചുരുക്കപ്പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അമ്മാവനും പ്രശസ്ത തെയ്യം കലാകാരനും കോലധാരിയുമായ കാങ്കോലൻ ചിണ്ടൻ നേണിക്കത്തിൽ നിന്നുമാണ്  തെയ്യത്തിന്റെ ബാലപാഠങ്ങൾ  ഇദ്ദേഹം ആഭ്യസിച്ച് തുടങ്ങിയത്.

മനോഹരൻ നേണിക്കം കെട്ടിയാടാത്ത തെയ്യങ്ങൾ വിരളമാണ്. ഭഗവതിമാർ, വേട്ടക്കൊരുമകൻ, ഊർപ്പഴശ്ശി,കണ്ണങ്ങാട്ട് ഭഗവതി, പുലി ദൈവങ്ങൾ, ചാമക്കാവിലെ ഭീമാകാരമായ തിരുമുടിയേറ്റുന്ന തിരുവർക്കാട്ട് ഭഗവതി തുടങ്ങി നിരവധി തെയ്യക്കോലങ്ങൾ അദ്ദേഹം കെട്ടിയാടി. കഴിഞ്ഞ 35 വർഷക്കാലമായി തെയ്യം രംഗത്ത് സജീവമാണ് ഇദ്ദേഹം.

പരേതനായ എരമംഗലം രാമന്റെയും കാങ്കോലൻ വീട്ടിൽ കാർത്ത്യായനിയമ്മയുടെയും മകനാണ് മനു നേണിക്കം. ബിന്ദുവാണ് ഭാര്യ.മുച്ചിലോട്ട് ഭഗവതിയുടെ കോലം ധരിക്കാൻ മനസ്സും ശരീരവും പാകപ്പെടുത്തലാണ് ഇനിയുള്ള 9 ദിവസങ്ങളിൽ. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കുച്ചിലിൽ വൃതം ആരംഭിച്ചിരിക്കുകയാണ് നേണിക്കം.