ഗുരുവായൂരില്‍ ക്ഷേത്രനഗരിയില്‍  പാര്‍ക്കിങ്ങിന് സ്ഥലമുണ്ടോ? ക്യൂആര്‍ കോഡ് സ്‌കാന്‍ചെയ്താല്‍ അറിയാം

ക്ഷേത്രനഗരിയില്‍ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമന്വേഷിച്ച്  ബുദ്ധിമുട്ടേണ്ട , ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ പാര്‍ക്കിങ് സൗകര്യമറിയാം. ഗുരുവായൂരില്‍ ശബരിമല സീസണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലായിരുന്നു ഇങ്ങനെയൊരു സംവിധാനം ചര്‍ച്ചചെയ്തത്.
 

ഗുരുവായൂര്‍: ക്ഷേത്രനഗരിയില്‍ വാഹനം പാര്‍ക്ക് ചെയ്യാനുള്ള സ്ഥലമന്വേഷിച്ച്  ബുദ്ധിമുട്ടേണ്ട , ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ പാര്‍ക്കിങ് സൗകര്യമറിയാം. ഗുരുവായൂരില്‍ ശബരിമല സീസണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലായിരുന്നു ഇങ്ങനെയൊരു സംവിധാനം ചര്‍ച്ചചെയ്തത്. നഗരത്തിന്റെ പ്രധാന സ്ഥലങ്ങളില്‍ ക്യൂആര്‍ കോഡുകള്‍ സ്ഥാപിക്കും. വൃശ്ചികം ഒന്നിനുമുമ്പ് ഇത് സ്ഥാപിക്കാനാണ് തീരുമാനം.


ശബരിമല സീസണില്‍ ഗുരുവായൂരിലെ ഔട്ടര്‍ റിങ് റോഡില്‍ മുഴുവന്‍ വാഹനങ്ങള്‍ക്കും വണ്‍വേ ഏര്‍പ്പെടുത്തും. നിലവില്‍ ചെറുവാഹനങ്ങളെയാണ് ഒഴിവാക്കിയത്. മഞ്ജുളാല്‍-ക്ഷേത്രം റോഡില്‍ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ വഴിയോരക്കച്ചവടം അനുവദിക്കില്ല. നഗര ഉപജീവനമിഷന്റെ തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ മാത്രമേ കച്ചവടം ചെയ്യാന്‍ അനുവദിക്കൂ.

തെക്കേനടയില്‍ പഴയ ദേവസ്വം ക്വാര്‍ട്ടേഴ്സ് സ്ഥലം ഹെവി വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സ്ഥലമാക്കും. മഞ്ജുളാല്‍ മുതല്‍ ക്ഷേത്രനട വരെ ഇരുചക്രവാഹനങ്ങള്‍ നിര്‍ത്താന്‍ അനുവദിക്കില്ല. അമ്പാടി പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് നിര്‍ത്തേണ്ടത്. ശുചീകരണമുള്‍പ്പെടെയുള്ള ജോലികള്‍ക്കായി നഗരസഭ 2000 തൊഴിലാളികളെ നിയോഗിക്കും. അടിയന്തരചികിത്സയ്ക്കായി ദേവസ്വം ആശുപത്രിയില്‍ കൂടുതല്‍ സൗകര്യമൊരുക്കുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ അറിയിച്ചു.

നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷനായി. ഗുരുവായൂര്‍ എസിപി പ്രേമാനന്ദകൃഷ്ണന്‍, നഗരസഭാ സെക്രട്ടറി എച്ച്. അഭിലാഷ്, ഗുരുവായൂര്‍ ആര്‍ടിഒ രമേഷ്, നഗരസഭാ ഹെല്‍ത്ത് സൂപ്രണ്ട് കെ.സി. അശോക് തുടങ്ങിയവരും പങ്കെടുത്തു.