എല്ലാ ദിവസവും ആദ്യാക്ഷരം കുറിക്കാന്‍ എത്തുന്ന മൂകാംബികാ സാന്നിധ്യമുള്ള മഹാസരസ്വതീ ക്ഷേത്രം
സരസ്വതീദേവിയുടെ സാന്നിധ്യം അനുഭവപ്പെടുന്ന കേരളത്തിലെ ഏകക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് പനച്ചിക്കാട് സരസ്വതീക്ഷേത്രം. കോട്ടയം ജില്ലയിൽ ചിങ്ങവനത്ത് നിന്നും 4 KM കിഴക്കോട്ടു പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലാണ് പ്രസിദ്ധമായ പനച്ചിക്കാട് മഹാവിഷ്ണു-മഹാസരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
സരസ്വതീദേവിയുടെ സാന്നിധ്യം അനുഭവപ്പെടുന്ന കേരളത്തിലെ ഏകക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് പനച്ചിക്കാട് സരസ്വതീക്ഷേത്രം. കോട്ടയം ജില്ലയിൽ ചിങ്ങവനത്ത് നിന്നും 4 KM കിഴക്കോട്ടു പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലാണ് പ്രസിദ്ധമായ പനച്ചിക്കാട് മഹാവിഷ്ണു-മഹാസരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .പ്രധാന പ്രതിഷ്ഠ പരമാത്മാവായ മഹാവിഷ്ണു ആണെങ്കിലും, മൂകാംബികാ സാന്നിധ്യമുള്ള മഹാസരസ്വതീ ക്ഷേത്രമായാണ് ഇത് അറിയപ്പെടുന്നത്. ഉപദേവതകളായി ഗണപതി, ശിവൻ, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്.
അതിനാല്‍ ദുര്‍ഗാഷ്ടമിയും മഹാനവമിയുമൊഴിച്ച് വര്‍ഷം മുഴുവന്‍ എല്ലാ ദിവസവും ആദ്യാക്ഷരം കുറിക്കാന്‍ എത്തുന്നവരുടെ തിരക്കാണ് .എല്ലാ മാസവും 1500-ഓളം കുട്ടികളെ എഴുത്തിനിരുത്തുന്നുണ്ട് ക്ഷേത്രത്തില്‍. മഹാനവമിക്കാലത്ത് 5000-േലറെ കുട്ടികള്‍ ആദ്യാക്ഷരം കുറിക്കുന്നു.
വിശ്വാസത്തിന്റെയും ആരാധനയുടെയും ഇടം മാത്രമല്ല, നേരില്‍ക്കണ്ട് ആസ്വദിക്കേണ്ട ചരിത്രംകൂടിയുണ്ട് ക്ഷേത്രത്തിന്. പൊതുവേ അക്ഷരപ്രേമികളുടെയും കലാകാരന്മാരുടെയും ഇടമായ ക്ഷേത്രത്തിലെ സരസ്വതീമണ്ഡപത്തില്‍ ഇരുന്ന് അക്ഷരം കുറിക്കാനും കലാപരിപാടികള്‍ക്ക് അരങ്ങ് കുറിക്കാനും നാനായിടങ്ങളില്‍നിന്നും ആളുകളെത്തുന്നു.
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന് മഹാവിഷ്ണുവിന്റെതാണ്. വിഷ്ണുവിനും സരസ്വതിക്കും തുല്യ പ്രാധാന്യമാണ് ഇവിടെയുള്ളത്. ആദ്യം ദര്‍ശനം നടത്തേണ്ടത് മഹാവിഷ്ണുസന്നിധിയിലാണ്. മൂന്നടി ഉയരമുള്ള ശിലാവിഗ്രഹം കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ചതുര്‍ബാഹുവായ ഭഗവാന്റെ തൃക്കൈകളില്‍ ശംഖചക്രഗദാപദ്മങ്ങളുണ്ട്.
ഇവിടെ നിന്ന് പടികള്‍ ഇറങ്ങിച്ചെല്ലുന്നത് സരസ്വതീ സന്നിധിയിലാണ്. വിഷ്ണുക്ഷേത്രത്തിന് തെക്കുമാറി താഴെയൊരു കുളക്കരയിലാണ് സരസ്വതീദേവി കുടിയിരിക്കുന്നത്. പതിവ് ക്ഷേത്രസങ്കല്പത്തിലുള്ള ശ്രീകോവിലോ സോപാനമോ ഒന്നുമില്ല. കുളവും പച്ചപ്പ് മാറാത്ത വള്ളിപ്പടര്‍പ്പുമാണുള്ളത്. ഈ വള്ളിപ്പടര്‍പ്പിനകത്താണ് വിദ്യാദേവതയും സര്‍വാഭീഷ്ട വരദായിനിയുമായ സരസ്വതീദേവിയുടെ മൂലവിഗ്രഹം കുടികൊള്ളുന്നത്. ഈ വിഗ്രഹത്തിന് എതിരേ സ്ഥാപിച്ച പ്രതിവിഗ്രഹത്തിലാണ് പൂജകളും മറ്റ് കര്‍മങ്ങളും നടത്തുന്നത്. വിഷ്ണുപാദം തഴുകുന്ന ഗംഗാനദിയെപ്പോലെ ഇവിടെയും വിഷ്ണുപാദത്തില്‍നിന്നാണ് സരസ്വതീസവിധത്തിലേക്ക് തീര്‍ഥജലം ഒഴുകിയെത്തുന്നത്. മൂലവിഗ്രഹത്തിന്റെ കാല് തഴുകി വരുന്ന തീര്‍ഥജലം ഒരിക്കലും വറ്റാറില്ല.
പനച്ചിക്കാട് എന്ന പേര് അന്വര്‍ഥമാക്കുന്ന, സരസ്സില്‍ വസിക്കുന്ന വിധമാണ് സരസ്വതീദേവിയുടെ സാന്നിധ്യം. വള്ളിപ്പടര്‍പ്പും അതിനുള്ളില്‍ കാണുന്ന തെളിനീരുറവയും ദിവ്യമാണെന്നാണ് വിശ്വാസം. പൂജയ്ക്കായി വെള്ളമെടുക്കുന്നത് ഇവിടെനിന്നാണ്. മൂലവിഗ്രഹത്തെ പൊതിഞ്ഞുനില്‍ക്കുന്ന വള്ളി മറ്റെവിടെയും കാണാത്ത സരസ്വതീലതയാണെന്നാണ് വിശ്വാസം. ഇവിടെനിന്ന് പ്രധാനമായി കിട്ടുന്നത് കുങ്കുമപ്രസാദമാണ്.
വിഷ്ണുക്ഷേത്രത്തിൽ ശ്രീകോവിലും നാലമ്പലവും മറ്റുമെല്ലാം പൂർണ്ണമായി നിർമ്മിച്ചിട്ടുണ്ട്. എന്നാൽ, സരസ്വതീക്ഷേത്രത്തിൽ ഇവയൊന്നുമില്ല. ദീർഘചതുരാകൃതിയിൽ പണിതീർത്ത ഒരു കൊച്ചു കുളവും അതിനടുത്ത് ഒരു വള്ളിപ്പടർപ്പും കാണാം. ആ വള്ളിപ്പടർപ്പിനകത്ത് ഒരു പ്രത്യേക ദ്വാരത്തിലാണ് കിഴക്കോട്ട് ദർശനമായ ദേവിയുടെ മൂലവിഗ്രഹം സ്ഥിതിചെയ്യുന്നത്. എന്നാൽ, ഇതിന് അഭിമുഖമായി കാണപ്പെടുന്ന അർച്ചനാവിഗ്രഹത്തിലാണ് എല്ലാ പൂജകളും നിവേദ്യവും നടത്തിപ്പോരുന്നത്. ഭക്തർക്ക് മുകളിൽ നിന്നുതൊഴാൻ മാത്രമേ സൗകര്യമുള്ളൂ. ദേവിയുടെ നടയ്ക്ക് നേരെ മുകളിൽ പടിഞ്ഞാറുഭാഗത്ത് ഇലഞ്ഞിയും ഏഴിലമ്പാലയും തീർത്ത തണലിലാണ് യക്ഷിയുടെയും ബ്രഹ്മരക്ഷസ്സിന്റെയും പ്രതിഷ്ഠകൾ. അത്യുഗ്രമൂർത്തികളാണ് ഇരുവരും.
വിഷ്ണുക്ഷേത്രത്തിൽ തെക്കുപടിഞ്ഞാറുഭാഗത്ത് ഉപദേവനായി അയ്യപ്പസ്വാമി കുടികൊള്ളുന്നു. ശബരിമലയിലേതുപോലെയാണ് ഇവിടെയും വിഗ്രഹം. കിഴക്കോട്ട് ദർശനമായ അയ്യപ്പസ്വാമിയുടെ ശ്രീകോവിലിന് മുന്നിൽ ഒരു മണ്ഡപമുണ്ട്. വടക്കുപടിഞ്ഞാറുഭാഗത്താണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ.
നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗചാമുണ്ഡിയും നാഗകന്യകയും മറ്റ് ഉത്തമമദ്ധ്യമാധമസർപ്പങ്ങളും അടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. കിഴക്കോട്ടാണ് ഇവരുടെയും ദർശനം. വടക്കുകിഴക്കുഭാഗത്ത് ശിവന്റെ ശ്രീകോവിലാണ്. അത്യുഗ്രമൂർത്തിയാണ് ഇവിടെ ശിവൻ. ഒന്നരയടി ഉയരം വരുന്ന ശിവലിംഗമാണ് പ്രതിഷ്ഠ. പടിഞ്ഞാട്ട് ദർശനം. ത്രിമൂർത്തികളിലൊരായ ശിവൻ ഉപദേവനായി വരുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് പനച്ചിക്കാട് ക്ഷേത്രം.