മോഹൻലാൽ ചെങ്കോട്ട തിരുമലക്കോവിലിൽ ദർശനം നടത്തി : ചെമ്പിൽ പൊതിഞ്ഞ വേൽ സമർപ്പിച്ചു
തെന്മല:കേരള-തമിഴ്‌നാട് അതിർത്തിയിലെ ചെങ്കോട്ട തിരുമലക്കോവിലിൽ ദർശനം നടത്തി നടൻ മോഹൻലാൽ. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മോഹൻലാലും സുഹൃത്തുക്കളും തിരുമല കുമാരസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തിയത്. ചെമ്പിൽ പൊതിഞ്ഞ വേലും വഴിപാടായി സമർപ്പിച്ചു.
നിത്യേന കേരളത്തിൽനിന്ന് നൂറുകണക്കിനുപേർ സന്ദർശിക്കുന്ന ക്ഷേത്രമാണ് മലമുകളിൽ നൂറ്റാണ്ടുകൾക്കുമുൻപ് നിർമിച്ച തിരുമലക്കോവിൽ. ഇനിയും ക്ഷേത്രത്തിലെത്തുമെന്ന് അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. ദക്ഷിണപഴനിയെന്നപേരിൽ അറിയപ്പെടുന്ന മുരുകക്ഷേത്രമായ തിരുമലക്കോവിൽ വിശ്വാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.
ചെങ്കോട്ട പൻപൊഴിയിൽ പശ്ചിമഘട്ടത്തോടു ചേർന്ന് കുന്നിൻമുകളിലാണ് മുഴുവനും കരിങ്കല്ലുകൊണ്ട് നിർമിച്ച ക്ഷേത്രമുള്ളത്. നൂറ്റാണ്ടുകൾക്കുമുൻപ് ശിവകാമി അമ്മയാറാണ് തിരുമലക്കോവിൽ പണിതീർത്തതെന്ന് ക്ഷേത്രം രേഖയിലുണ്ട്. ക്ഷേത്രത്തിന്റെ ആദ്യ ഭാഗങ്ങൾ നിർമിച്ചത് പന്തളം രാജാവാണെന്നും പറയപ്പെടുന്നു. മുരുകൻ 'കുമാരസ്വാമി'യെന്ന പേരിലാണ് ഇവിടെ പ്രസിദ്ധം.