കൊട്ടിയൂർ വൈശാഖ മഹോത്സവം: മണത്തണയിൽ ദൈവത്തെ കാണൽ ചടങ്ങ് നടന്നു
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന ദൈവത്തെ കാണൽ ചടങ്ങ് മണത്തണ വാകയാട്ട് പൊടിക്കളത്തിൽ
വെള്ളിയാഴ്ച നടന്നു. ഗോത്രാചാര രീതിയിൽ നടക്കുന്ന ചടങ്ങ് കുറിച്യ സ്ഥാനികനായ ഒറ്റപ്പിലാൻ പണിക്കരുടെയും കാടൻ സ്ഥാനീകന്റെയും നേതൃത്വത്തിലാണ് നടന്നത്.
മണത്തണ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന ദൈവത്തെ കാണൽ ചടങ്ങ് മണത്തണ വാകയാട്ട് പൊടിക്കളത്തിൽ
വെള്ളിയാഴ്ച നടന്നു. ഗോത്രാചാര രീതിയിൽ നടക്കുന്ന ചടങ്ങ് കുറിച്യ സ്ഥാനികനായ ഒറ്റപ്പിലാൻ പണിക്കരുടെയും കാടൻ സ്ഥാനീകന്റെയും നേതൃത്വത്തിലാണ് നടന്നത്.
ദൈവത്തെ കാണൽ ചടങ്ങാണ് കൊട്ടിയൂർ മഹാദേവ ക്ഷേത്രേത്തിൽ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ആദ്യ ചടങ്ങ്. ദൈവത്തെ മലയിറക്കലും മണത്തണ പൊടിക്കളത്തിൽ ദൈവത്തെ കാണലുമാണ് ചടങ്ങുകളിൽ പ്രധാനം. ഇതോടെയാണ് കൊട്ടിയൂരും മണത്തണയും വൈശാഖോൽസവ നാളുകളിലേക്കു പ്രവേശിക്കുന്നത്. കാടൻ ഒറ്റപ്പിലാൻ കുറിച്യ സ്ഥാനികൻ എന്നിവരാണ് ദൈവത്തെ കാണൽ ചടങ്ങിലെ പ്രധാനികൾ. അവിൽ, നാളികേരം, പഴം, കള്ള് എന്നിവ ദൈവത്തിനു നിവേദിക്കുക.
കൊട്ടിയൂരിന്റെ നാല് ഊരാളൻമാരെയും സാക്ഷിയാക്കി കുറിച്യസ്ഥാനീകൻ തന്റെ പൂജാ വേളയിൽ ദൈവത്തോട് സംസാരിക്കുന്നതും വൈശാഖ മഹോത്സവ ഒരുക്കങ്ങൾക്ക് അനുവാദം വാങ്ങുന്നതുമാണ് ചടങ്ങ്.കൊട്ടിയൂരിന്റെ അധീനതയിൽ പതിനെട്ടര പൊടിക്കളങ്ങളാണ് ഉണ്ടായിരുന്നത്. ഗ്രാമീണരായ കർഷകർ വൈശാഖ മഹോത്സവത്തിന് സമർപ്പിക്കുന്ന നെല്ല് ശേഖരിച്ച് വയ്ക്കുക, വയൽ പ്രദേശങ്ങളോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ പൊടിക്കളങ്ങളിലായിരുന്നു. ഇങ്ങനെ ശേഖരിക്കുന്ന നെല്ല് ക്ഷേത്രത്തിലേക്ക് സ്വീകരിക്കുന്നത് 'ദൈവത്തെ കാണൽ' ചടങ്ങോടുകൂടിയായിരുന്നു. ഇങ്ങനെ സ്വീകരിക്കുന്ന നെല്ല് പത്തായപ്പുരകളിൽ എത്തേണ്ടതുണ്ട്.
പത്തായപ്പുരകളിൽ നിന്നും ഇക്കരെ ക്ഷേത്രത്തിലെത്തുന്ന നെല്ല് അളന്നു തിട്ടപ്പെടുത്തി വിവിധ ആവശ്യങ്ങളിലേക്ക് തരം തിരിക്കുന്നത് 'പ്രക്കൂഴം' ദിവസമാണ്. പതിനെട്ടര പൊടിക്കളങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു മണത്തണയിലെ വാകയാട്ട് പൊടിക്കളം. പത്തായപ്പുരകളും, പൊടിക്കളങ്ങളിൽ പലതും ഇന്ന് ഇല്ലാതായെങ്കിലും വാകയാട്ടെ പൊടിക്കളത്തിൽ നടക്കുന്ന ഗോത്രാചാര ചടങ്ങിന് പ്രാധാന്യം ഏറെയാണ്.