കൊട്ടിയൂർ മഹോത്സവം: രാത്രി ശീവേലിക്ക് ശേഷം തിരുവഞ്ചിറയിൽ പ്രവേശനമില്ല ,ഭക്തജന തിരക്ക് കണക്കിലെടുത്ത് കർശന സുരക്ഷാ ക്രമീകരണങ്ങളുമായി ദേവസ്വവും പോലീസും
വരും ദിവസങ്ങളിൽ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് അനുബന്ധമായി ഭക്തജന തിരക്ക് വർധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അക്കരെ കൊട്ടിയൂരിൽ അടിയന്തര യോഗം ചേർന്നു
കൊട്ടിയൂർ: വരും ദിവസങ്ങളിൽ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് അനുബന്ധമായി ഭക്തജന തിരക്ക് വർധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അക്കരെ കൊട്ടിയൂരിൽ അടിയന്തര യോഗം ചേർന്നു. കണ്ണൂർ റൂറൽ എസ്പി അനൂജ് പലിവാലിൻ്റെ നേതൃത്വത്തിൽ അക്കരെ കൊട്ടിയൂരിൽ അടിയന്തര യോഗം ചേർന്നു. കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, അഡ്വക്കേറ്റ് കമ്മീഷണർ, ദേവസ്വം ട്രസ്റ്റിമാർ, എക്സിക്യൂട്ടീവ് ഓഫീസർ കെ. ഗോകുൽ, പേരാവൂർ ഡിവൈ എസ് പി, കേളകം എസ് എച്ച് ഒ , മറ്റ് പോലീസ് ഉദ്യോഗസ്ഥർ , ദേവസ്വം മാനേജർ കെ പവിത്രൻ എന്നിവർ പങ്കെടുത്തു.
ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാത്രി ശീവേലിക്ക് ശേഷം തിരുവഞ്ചിറയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് യോഗത്തിൽ തീരുമാനിച്ചു. കൂടാതെ തിരുവഞ്ചിറയിലും മണിത്തറയിലും സേവനമനുഷ്ഠിക്കുന്ന താൽക്കാലിക ജീവനക്കാർ നിർബന്ധമായും തിരിച്ചറിയൽ ബാഡ്ജ് ധരിക്കണമെന്നും നിർദേശിച്ചു.
തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി തിരുവഞ്ചിറയിലെ ഭക്തജനങ്ങളുടെ പ്രദക്ഷിണം ഒരു തവണയായി പരിമിതപ്പെടുത്തണമെന്ന് ദേവസ്വം അധികൃതർ അഭ്യർഥിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ഭക്തർ എത്തിച്ചേരുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.മഹോത്സവം സുഗമമായും സുരക്ഷിതമായും നടത്തുന്നതിനായി ദേവസ്വം ഭരണസമിതിയും പോലീസും സംയുക്തമായി വിവിധ ക്രമീകരണങ്ങൾ നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.