കൊട്ടിയൂരിലെ 'ദൈവത്തിന്റെ വരവ്'..

മറ്റു ക്ഷേത്രങ്ങളിലൊന്നും കാണാത്ത തരത്തിലുള്ള അപൂർവ്വങ്ങളായ ചടങ്ങുകളാണ് കൊട്ടിയൂർ ക്ഷേത്രത്തിലുള്ളത്. അതിലൊന്നാണ് 'ദൈവത്തിന്റെ വരവ്' എന്ന ചടങ്ങ്. വൈശാഖ മഹോൽസവത്തിലെ പ്രധാന ചടങ്ങായ ഇളനീർവെപ്പിന്റെ പിറ്റേദിവസം രാത്രിയിലാണ് ഈ സവിശേഷമായ ചടങ്ങ് നടക്കുക. 
 

മറ്റു ക്ഷേത്രങ്ങളിലൊന്നും കാണാത്ത തരത്തിലുള്ള അപൂർവ്വങ്ങളായ ചടങ്ങുകളാണ് കൊട്ടിയൂർ ക്ഷേത്രത്തിലുള്ളത്. അതിലൊന്നാണ് 'ദൈവത്തിന്റെ വരവ്' എന്ന ചടങ്ങ്. വൈശാഖ മഹോൽസവത്തിലെ പ്രധാന ചടങ്ങായ ഇളനീർവെപ്പിന്റെ പിറ്റേദിവസം രാത്രിയിലാണ് ഈ സവിശേഷമായ ചടങ്ങ് നടക്കുക. 

'പുറങ്കലയൻ' എന്ന സ്ഥാനികൻ മുത്തപ്പൻ ദൈവക്കോലം ധരിച്ച് എഴുന്നള്ളുന്ന ചടങ്ങാണിത്. രാത്രിയിലെ പാത്രം വിളിക്ക് ശേഷം പെരുവണ്ണാൻ കൊട്ടേരിക്കാവിലെ ദേവസ്ഥാനത്തെത്തും. അല്പസമയത്തിനകം പുറങ്കലയനും എത്തും. ഇരുവരും പരസ്‌പരം പുറന്തിരിഞ്ഞ് മൗനമാചരിച്ചുകൊണ്ട് ചില ഗൂഢകർമ്മങ്ങൾ അനുഷ്ഠിക്കും. 

തുടർന്ന് രാശി വിളിച്ചുകഴിഞ്ഞാൽ ഒറ്റപ്പിലാൻ കൊട്ടേരിക്കാവിലെത്തി ദക്ഷിണ സമർപ്പിക്കുന്നു. അതിന് ശേഷം പെരുവണ്ണാൻ എഴുന്നേറ്റ് പുറങ്കലയനെ ദൈവത്തിൻ്റെ വേഷം അണിയിക്കുന്നു. ദൈവം പാലക്കീഴിലെത്തി നിലയുറപ്പിക്കുന്ന അവസരത്തിൽ ഒറ്റപ്പിലാനും അനുയായികളും അവിടെയെത്തും. 

ദൈവം തിരുവഞ്ചിറയിലെ ബലിക്കല്ലിന് സമീപത്തേക്ക് വന്നെത്തുമ്പോൾ പന്തക്കിടാങ്ങൾ മണിത്തറയിൽ കത്തിച്ച പന്തങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ടാവും. ഈ രണ്ട് പന്തങ്ങളുടെയും കാവലിൽ നമ്പീശൻ ദൈവത്തിന് അരി ചൊരിഞ്ഞുകൊടുക്കുന്നു. ഈ സമയം വാളശ്ശൻമാർ വാളറയിൽ നിന്ന് ചപ്പാരം ഭഗവതിയുടെ വാളെടുത്ത് ഉയർത്തിക്കാണിക്കുന്ന അവസരത്തിൽ ദൈവം ഭഗവാനെ തൊഴുത് പിൻവാങ്ങുന്നു. 

ദൈവത്തിൻ്റെ അകമ്പടിക്കാരായെത്തിയ ഒറ്റപ്പിലാനും സംഘവും കത്തിച്ചു പിടിച്ച ഓടച്ചൂട്ടുമായി ഘോരശബ്ദ‌ഘോഷത്തോടെ കോവിലകം കയ്യാലയിലേക്ക് ഇരച്ചുകയറി കണ്ണിൽക്കണ്ടതെല്ലാം
കൈയടക്കി തിരിച്ചു പോകുന്നു. ദക്ഷയാഗം മുടിപ്പിച്ച ശിവഭൂതഗണങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് ദൈവത്തിന്റെ അകമ്പടിയായി വന്ന സംഘം കയ്യാലകളിൽ അതിക്രമം നടത്തുന്നത്.

തിരുവഞ്ചിറയിലൂടെ മണിത്തറക്കടുത്തേക്ക് മുത്തപ്പൻ ദൈവം വരുന്നതും അരി നൽകുന്നതും വാളശ്ശൻ വാളെടുത്ത് കാട്ടുന്നതും കുറിച്യയോദ്ധാക്കൾ കോവിലകത്ത് ആക്രമണം നടത്തുന്നതുമെല്ലാം മിന്നൽപ്പിണർപോലെ ശരവേഗത്തിൽ ചെയ്‌തുപോകുന്ന കർമ്മങ്ങളാണ്.

അതിവേഗത്തിൽ ഓടിയെത്തുന്ന ദൈവം സന്നിധാനത്ത് എത്തി അരിയും കളഭവും സ്വീകരിച്ച് അനുമതി നൽകി മടങ്ങുന്നതോടെയാണ്  ഇളനീരാട്ടം ആരംഭിക്കുന്നത്. ഈ ചടങ്ങിന്റെ സമയമത്രയും    വിളക്കുകൾ ഒഴികെ സന്നിധാനത്തിലെ വെളിച്ചം എല്ലാം കെടുത്തും. കൊട്ടിയൂർ വൈശാഖ ഉത്സവത്തിലെ ഏറ്റവും പ്രത്യേകതയാർന്ന ചടങ്ങ് കൂടിയാണ് ഇത്.