ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിൾ കർക്കിടകവാവ് ബലി തർപ്പണത്തിന് ഒരുങ്ങുന്നു
കർക്കിടകവാവ് ബലി തർപ്പണത്തിനായി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിൾ ഒരുങ്ങുന്നു. ബലി തർപ്പണ ചടങ്ങുകൾ 1201 കർക്കിടകം 27 (2026 ഓഗസ്റ്റ് 12) ബുധനാഴ്ച രാവിലെ 11.30 മുതൽ ചരിത്രപ്രസിദ്ധമായ റോച്ചെസ്റ്ററിലെ മെഡ്‌വേ നദീതീരത്ത് നടക്കും. കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.
യുകെ : കർക്കിടകവാവ് ബലി തർപ്പണത്തിനായി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിൾ ഒരുങ്ങുന്നു. ബലി തർപ്പണ ചടങ്ങുകൾ 1201 കർക്കിടകം 27 (2026 ഓഗസ്റ്റ് 12) ബുധനാഴ്ച രാവിലെ 11.30 മുതൽ ചരിത്രപ്രസിദ്ധമായ റോച്ചെസ്റ്ററിലെ മെഡ്‌വേ നദീതീരത്ത് നടക്കും. കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.
ആചാരപരമായും ആത്മീയമായും പ്രാധാന്യമുള്ള മെഡ്‌വേ നദിയുടെ വിശുദ്ധ തീരത്ത് പരമ്പരാഗത രീതിയിൽ ബലി തർപ്പണ ചടങ്ങുകൾ നടക്കും. ചടങ്ങുകൾക്ക് അഭിജിത്ത് തിരുമേനി മുഖ്യ കാർമികത്വം വഹിക്കും.
ബലി തർപ്പണത്തിന് ശേഷം ഭക്തർക്ക് തിലഹവനം, പിതൃപൂജ, സായൂജ്യ പൂജ, സുകൃത ഹോമം എന്നീ വഴിപാടുകൾ നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വടക്കേവെളിയില്ലം വിഷ്ണുരവി തിരുമേനിയുടെ കാർമികത്വത്തിൽ തിലഹവനവും, താഴൂർ മന ഹരിനാരായണൻ തിരുമേനിയുടെ മേൽനോട്ടത്തിൽ സായൂജ്യ പൂജയും സുകൃത ഹോമവും നടക്കും.
ചടങ്ങുകൾക്ക് ശേഷം ഭക്തജനങ്ങൾക്ക് കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്താനും വിവിധ വഴിപാടുകൾ സമർപ്പിക്കാനുമുള്ള അവസരവും ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.
യുകെയിലെ മലയാളി ഹിന്ദു സമൂഹത്തിന് ആത്മീയ പ്രാധാന്യമുള്ള ചടങ്ങുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന കർക്കിടക വാവ് ബലി തർപ്പണത്തിൽ നിരവധി ഭക്തർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.