പിതൃക്കളുടെ ആത്മശാന്തിക്കായി തര്‍പ്പണം!!ക‍ര്‍ക്കിടക വാവ് ബലി , അറിയേണ്ടതെല്ലാം

കര്‍ക്കിടകമാസത്തിലെ ഏറ്റവും സവിശേഷമായ ദിനമാണ് പിതൃതര്‍പ്പണനാൾ. ദക്ഷിണായനവും ഉത്തരായനവും ഒത്തുചേര്‍ന്നു വരുന്ന ദിനമാണ് കര്‍ക്കിടകവാവ്.
 

കര്‍ക്കിടകമാസത്തിലെ ഏറ്റവും സവിശേഷമായ ദിനമാണ് പിതൃതര്‍പ്പണനാൾ. ദക്ഷിണായനവും ഉത്തരായനവും ഒത്തുചേര്‍ന്നു വരുന്ന ദിനമാണ് കര്‍ക്കിടകവാവ്. സൂര്യന്‍റെ ഗമനം അനുസരിച്ച് ഉത്തരായനത്തില്‍ സൂര്യന്‍ ദേവലോകത്തും ദക്ഷിണായനത്തില്‍ പിതൃലോകത്തുമാണ്. ആഗസ്റ്റ് 3നാണ് ഈ വർഷം കർക്കടക വാവ് വരുന്നത്.

 ദക്ഷിണായത്തിന്‍റെ തുടക്കമാണ് കര്‍ക്കിടകവാവ് എന്നാണു വിശ്വാസം. മണ്മറഞ്ഞ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന കര്‍മ്മമാണ്‌ ശ്രാദ്ധം. പൂര്‍വ്വികര്‍ക്ക് അന്തരതലമുറ നല്‍കുന്ന സമര്‍പ്പണമാണ് പിതൃദര്‍പ്പണം എന്ന് വേണമെനില്‍ പറയാം.

എന്താണ് ബലിതർപ്പണം?
നാം കൃത്യമായി പിതൃകർമ്മങ്ങൾ അനുഷ്ഠിക്കുമ്പോൾ നമ്മിലെ പിതൃകോശങ്ങൾ സംതൃപ്തമാകുകയും നമുക്ക് അറിവും ആരോഗ്യവും സമൃദ്ധിയും നൽകുന്ന അനുഗ്രഹങ്ങൾക്ക് നമ്മിലേക്ക് പ്രവേശിക്കാനുള്ള വഴിയൊരുക്കുകയും ചെയ്യുന്നു എന്നാണു വിശ്വാസം. 

അരി വേവിച്ച് ശര്‍ക്കര, തേന്‍, പഴം, എള്ള്, നെയ്യ് എന്നിവ ചേര്‍ത്ത് കുഴച്ച് കവ്യം ഉരുട്ടി പിണ്ഡം സമര്‍പ്പിക്കുന്നതാണ് പിതൃതര്‍പ്പണത്തില്‍ ചെയ്യുന്നത്. ഇതിനെ ബലി തര്‍പ്പണം എന്നും പറയുന്നു. മൂന്ന് ഇഴ ചേര്‍ത്ത് ദര്‍ഭ ചേര്‍ത്ത് കെട്ടിയ പവിത്രം കൈയ്യിലണിഞ്ഞാണ് ബലി അര്‍പ്പിക്കുന്നത്.

മനസ്സും ശരീരവും ശുദ്ധീകരിക്കണം

മനസ്സും ശരീരവും ശുദ്ധീകരിച്ചതിന് ശേഷം മാത്രമേ ബലി തര്‍പ്പണം നടത്താന്‍ പാടുകയൂള്ളൂ. ബലി തര്‍പ്പണം നടത്തുന്നതിന്റെ തലേ ദിവസം മുതല്‍ തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അരിഭക്ഷണം ഒഴിവാക്കുകയും ഒരിക്കല്‍ വ്രതം എടുക്കുകയും വേണം. തര്‍പ്പണം ചെയ്ത് തുടങ്ങി തര്‍പ്പണം കഴിയുന്നത് വരെ വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കുന്നതിനോ പാടില്ല. പൂര്‍ണമായ ഉപവാസം അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കണം.

ബലിതര്‍പ്പണത്തിന്റെ ചടങ്ങുകള്‍
മരിച്ചവരുടെ ആത്മാക്കള്‍ക്ക് മദ്യം കുടിക്കാന്‍ വെക്കുന്ന ചടങ്ങാണിത്. വാവിനോടനുബന്ധിച്ചാണ് വാവട തയ്യാറാക്കുക, അരിയും, തേങ്ങയും, ശര്‍ക്കരയും ചേര്‍ത്ത് വാഴയിലയില്‍ ഉണ്ടാക്കുന്ന വാവടയുടെ മണം പിതൃക്കളെ സംതൃപ്തിപ്പെടുത്തും എന്നാണ് വിശ്വാസം. പിന്മുറക്കാര്‍ സമൃദ്ധിയിലാണ് ജീവിക്കുന്നതെന്ന സന്തോഷം പിതൃക്കള്‍ക്ക് ഉണ്ടാവാന്‍ വേണ്ടിയാണത്രെ വാവിവ് അട ഉണ്ടാക്കുന്നത്.

ബലികാക്ക ബലി എടുത്താല്‍ പിതൃക്കള്‍ സന്തുഷ്ടരായി എന്നാണ് വിശ്വാസം. പിതൃക്കളാണ് ബലികാക്കയുടെ രൂപത്തില്‍ ബലി സ്വീകരിക്കാന്‍ എത്തുന്നത് എന്നും വിശ്വസിക്കപ്പെടുന്നു. സാധാരണയായി കാണപ്പെടുന്ന രണ്ടുതരം കാക്കകളില്‍ വലിയകാക്കയാണ് ബലികാക്ക. വീടുകളില്‍ ബലിയിടുന്നവര്‍ ചെറിയകാക്ക ബലി എടുത്താതെ നോക്കുന്നതും പതിവാണ്.ബലിതര്‍പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് സദ്യ തയ്യാറാക്കി വിളമ്പും . വിളക്ക് കത്തിച്ച്‌ വെച്ചശേഷം സദ്യ ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ കഴിക്കുകയുള്ളൂ.

തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്ബാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവയാണ് കേരളത്തില്‍ ബലിതർപ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങള്‍. കർക്കിടകവാവ് ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു.